 നൊമ്പരമായി ധീരജ് ആലപിച്ച ഗാനങ്ങൾ

തൊടുപുഴ: കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിനിടെ കുത്തേറ്റ് മരിച്ച ഇടുക്കി ഗവ. എൻജിനിയറിംഗ് കോളേജ് വിദ്യാർത്ഥി ധീരജ് രാജേന്ദ്രൻ ആലപിച്ച മനോഹര ഗാനങ്ങൾ ഒരു നൊമ്പരമായി സാമൂഹ്യമാദ്ധ്യമങ്ങളിൽ. രാഷ്ട്രീയത്തിന് അതീതമായി എല്ലാവരോടും സൗഹൃദവും പുലർത്തിയിരുന്ന ധീരജ് കോളേജിലെ മികച്ച ഗായകനുമായിരുന്നു. ക്ലാസ്മേറ്റ്സ് സിനിമയിലെ 'എന്റെ ഖൽബിലെ വെണ്ണിലാവ് നീ...",​ കമൽഹാസന്റെ 'ഇന്ത്യൻ' സിനിമയിലെ 'പച്ചയ് കിളികൾ തോളോട്...",​ പപ്പയുടെ സ്വന്തം അപ്പൂസ് എന്ന ചിത്രത്തിലെ 'ഏതമൃതും തോൽക്കുമീ..." എന്നീ പാടിയ പാട്ടുകളാണ് പ്രചരിക്കുന്നത്. കോളേജ് യൂണിയൻ പരിപാടിക്ക് വേണ്ടി പാടിയതാണ് ഇതിലെ തമിഴ് ഗാനം. ധീരജിന്റെ സഹപാഠികളുടെയും സഖാക്കളുടെയുമെല്ലാം വാട്ട്സ്ആപ്പടക്കമുള്ള സാമൂഹ്യമാദ്ധ്യമങ്ങളിലെല്ലാം ഈ ഗാനങ്ങളുണ്ട്. ധീരജിന്റെ ആ മനോഹര ശബ്ദം ഇനി കേൾക്കാനാവില്ലല്ലോ എന്ന സങ്കടമാണ് പാട്ട് കേട്ട പലരും പങ്കുവയ്ക്കുന്നത്. ഗവൺമെന്റ് എൻജിനീയറിങ് കോളജ് യൂണിയൻ തിരഞ്ഞെടുപ്പിനിടെയുണ്ടായ സംഘർഷത്തിൽ കൊല്ലപ്പെട്ട ധീരജ് പാടിയ പാട്ടിന്റെ ഓഡിയോ കേട്ട് വിതുമ്പുകയാണ് സോഷ്യൽ മീഡിയ.