തൊടുപുഴ: വേനൽ ചൂട് ശക്തമായതോടെ കാർഷികമേഖലയിലടക്കം ഏറെ പ്രതിസന്ധി വരുത്തുന്നു. പ്രളയം, കോവിഡ് വ്യാപനം ഒന്നും രണ്ടും ഘട്ടങ്ങൾ, ഡെങ്കിപ്പനി പോലുള്ള മറ്റ് പകർച്ച വ്യാധികൾ എന്നിങ്ങനെ ജില്ലയലേക്ക് ദുരിതങ്ങൾ ഒന്നിന് പുറകെ ഒന്നായി വന്ന് ചേരുകയാണ്. ഇതിനിടയിലാണ് നെഞ്ചിടിപ്പായി കനത്ത വേനലും. പ്രളയവും കനത്ത പേമാരിയും ജില്ലക്ക് നികത്താൻ പറ്റാത്ത വൻ സമ്പത്തിക നഷ്ടമാണ് വരുത്തിയത്. ഇതിൽ നിന്ന് മോചനം ആകാനുള്ള നെട്ടോട്ടത്തിനിടയിലാണ് കനത്ത വേനൽ ചൂട് ജില്ലയെ പൊള്ളിക്കുന്നത്. വേനൽ നീണ്ടു നിൽക്കാനിടയായാൽ കാർഷിക വിളകൾ കരിഞ്ഞുണങ്ങാനും സാദ്ധ്യതയേറുകയാണ്. ഹൈറേഞ്ച്, ലോറേഞ്ച് എന്നിങ്ങനെ വ്യത്യാസമില്ലാതെ ജില്ലയിലാകമാനം വേനൽ കനത്ത അഘാതം സൃഷ്ടിക്കും. ഏലത്തോട്ടങ്ങളിൽ ഉൾപ്പെടെ ഇപ്പോൾ തന്നെ വിളകളെ വരൾച്ച ബാധിച്ചുതുടങ്ങിയിട്ടുണ്ട്. ജലസ്രോതസുകളും നീരൊഴുക്കുകളും വറ്റാൻ തുടങ്ങിയതും നിരവധി കാർഷിക വിളകളെ പ്രതികൂലമായി ബാധിക്കും.

ഏലച്ചെടികൾ

കരിയുമ്പോൾ...

ഏലം മേഖലയിലാണ് സാധാരണ ചൂട് ഏറ്റവും കൂടുതൽ പ്രതികൂലമായി ബാധിക്കുന്നത്. മതിയായ തോതിൽ ജലസേചനം ലഭിച്ചില്ലെങ്കിൽ ഏലച്ചെടികൾ ഉണങ്ങിക്കരിയുകയും കർഷകർക്ക് വൻതോതിൽ നഷ്ടം സംഭവിക്കുകയും ചെയ്യും. വൻകിട തോട്ടങ്ങളിൽ പടുതാക്കുളങ്ങളും മറ്റും നിർമിച്ച് വേനലിനെ പ്രതരോധിക്കുമെങ്കിലും ചെറുകിട കർഷകർക്ക് ഇതിനു കഴിയാറില്ല. ഇതേ തുടർന്ന് വേനലിന്റെ കെടുതികൾ കൂടുതലായി ബാധിക്കുന്നതും ചെറുകിട ഏലം കർഷകരെയാണ്. ജല ലഭ്യത കുറഞ്ഞതോടെ കൂടുതൽ ഈർപ്പം ആവശ്യമായ പാവലും പയറും അടക്കമുള്ള പച്ചക്കറി വിളകൾക്കും പ്രതിസന്ധി ഉണ്ടായേക്കും. ചൂട് കൂടിയാൽ പാവലിന് പഴുപ്പ് ബാധിച്ച് കരിഞ്ഞുണങ്ങി നശിക്കും. കൂടാതെ കപ്പ, വാഴ കൃഷിയെയും വേനൽ ബാധിക്കാനിടയുണ്ട്. ഏത്തവാഴ കൃഷി ചെയ്തിരിക്കുന്ന പല കർഷകർക്കും വിദൂര സ്ഥലങ്ങളിൽ നിന്നും വെള്ളം കൊണ്ടു വന്ന് കൃഷി നനക്കേണ്ട അവസ്ഥയുണ്ടാകും. നെൽകൃഷിയെയും വേനലിന്റെ കാഠിന്യം ബാധിച്ചു തുടങ്ങിയിട്ടുണ്ട്.


ഉച്ചയ്ക്ക് കത്തിക്കരുത്


പകൽ സമയത്ത് ചൂട് കൂടുതലായതിനാൽ ചെറിയൊരു തീപ്പൊരി മതിയാകും ചവറുകളും കരിയിലകളുമെല്ലാം ആളിക്കത്താൻ. പലരും ചവറുകൾ കത്തിക്കുന്നത് ഉച്ച സമയത്താണ്. ആ സമയത്ത് ചെറിയ കാറ്റുകൂടി ഉണ്ടായാൽ തീ ആളിക്കത്തുന്നതിന് മറ്റൊരു സഹായവും വേണ്ടിവരില്ല. ചവറുകൾ കൂട്ടിയിട്ട് കത്തിക്കുമ്പോൾ അതിൽ ബോഡി സ്‌പ്രേയുടെ കുപ്പികളുണ്ടെങ്കിൽ അവ പൊട്ടിത്തെറിക്കാനും അതിലൂടെ സമീപത്തുള്ള ആളിന് പൊള്ളലേൽക്കാനും പരിക്ക് ഗുരുതരമാകാനും സാദ്ധ്യതയുണ്ട്


വേനൽ നീണ്ടു നന്നേക്കുമെന്നാണ് കാലാവസ്ഥ വിദഗ്ധദ്ധരുടെ അഭിപ്രായം. കാർഷിക മേഖലയിൽ തൊഴിൽ ചെയ്യുന്ന ദിവസക്കൂലിക്കാരായ തൊഴിലാളികൾക്ക് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ് സംഭവിക്കുന്നത്. കാർഷിക മേഖലക്കാണ് കൂടുതൽ പ്രാധാന്യം എന്നതിനാൽ വേനൽ ഇടുക്കി ജില്ലയെ വ്യാപകമായി പൊള്ളിക്കും. കാർഷിക മേഖല മാത്രമല്ല വ്യാപാര മേഖലയും വേനൽ ചൂടിൽ സ്തംഭിക്കും. പുറത്തിറങ്ങാൻ കഴിയാതെ ജനം വീടുകളിൽ കഴിയുന്ന അവസ്ഥയാണുള്ളത്. രാവിലെ 10.30 മുതൽ വൈകിട്ട് 6 മണി വരെയുള്ള സമയത്താണ് ചൂട് ശക്തമാകുന്നത്, എന്നതിനാൽ ഈ സമയം വ്യാപാര സ്ഥാപനങ്ങളിലെ ഇടപാടുകൾ പൂർണ്ണമായും സ്തംഭിക്കും. മുൻ വർഷങ്ങളിലും ഇത്തരം പ്രതിസന്ധികൾ സംഭവിച്ചിട്ടുണ്ട്. ബാങ്കുകളിൽ നിന്നും മറ്റും വായ്പയും അമിത പലിശക്ക് പണം കടം വാങ്ങിയും ഓരോ ദിവസങ്ങൾ തള്ളി നീക്കുന്ന കച്ചവടക്കാരും വേനൽ ചൂടിൽ കൂടുതൽ പ്രതിസന്ധിയിലാകും.

കുടിവെള്ള ക്ഷാമം

രൂക്ഷതയലേക്ക്

വേനൽ ശക്തമായതോടെ ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ കുടിവെള്ള ക്ഷാമം അതിരൂക്ഷമാവുകയാണ്. ഇതിനെ മറികടക്കാൻ തദ്ദേശ സ്ഥാപനങ്ങളും സർക്കാരും നിരവധി പദ്ധതികൾ ജില്ലയിൽ ആവിഷ്‌ക്കരിക്കുന്നുണ്ടെങ്കിലും പ്രശ്‌നം പൂർണ്ണമായും പരിഹരിക്കപ്പെടുന്നുമില്ല.