തൊടുപുഴ: മലങ്കര അണക്കെട്ടിൽ നിന്നുള്ള ഇടത് കനാൽ തറന്നു. തിങ്കളാഴ്ച്ച പുലർച്ചെ 6 നാണ് കനാൽ തുറന്നത്. കരിങ്കുന്നം, മണക്കാട്, അരിക്കുഴ, പണ്ടപ്പിള്ളി, കൂത്താട്ടുകുളം,മണ്ണത്തൂർ, കടുത്തുരുത്തി, കടപ്പൂർ, ഏറ്റുമാനൂർ പ്രദേശങ്ങളിൽ കൂടിയാണ് ഇടത് കനാൽ കടന്ന് പോകുന്നത്. ഇതേ തുടർന്ന് ഈ പ്രദേശങ്ങളിലെ കുടി വെള്ള ക്ഷാമത്തിന് ഒരു പരിധി വരെ പരിഹാരമാകും. കൂടുതൽ സ്ഥലങ്ങളിൽ കനാലിന്റെ നിർമാണ ജോലികൾ പൂർത്തിയായതിനാൽ വിവിധ സ്ഥലങ്ങളിൽ പതിവിലും വേഗത്തിൽ വെള്ളം ഒഴുകി എത്തിയതായി അധികൃതർ പറഞ്ഞു. ഒരു മീറ്ററോളം ഉയരത്തിലാണ് വെള്ളം കനാലിലൂടെ ഒഴുകുന്നത്. മുവാറ്റുപുഴ വാലി ഇറിഗേഷൻ പദ്ധതിയുടെ (എം വി ഐ പി ) ഭാഗമായിട്ടുള്ള മലങ്കര അണക്കെട്ടിൽ നിന്ന് ആരംഭിക്കുന്ന ഇടത്, വലത് കനാലുകളിലൂടെ എല്ലാ വർഷവും ഡിസംബറിൽ വെള്ളം കടത്തി വിടുന്നതായിരുന്നു പതിവ്. എന്നാൽ മഴ ശക്തമായതോടെ 2018 മുതൽ ഇതിൽ മാറ്റം വരുത്തി. 2019ൽ ഫെബ്രുവരി അഞ്ചിനാണ് കനാലുകൾ തുറന്നത്. അണക്കെട്ടിന്റെ ഭാഗമായിട്ടുള്ള വലതുകര കനാലിന്റെ നവീകരണ ജോലികൾ തുടരുന്നതിനാൽ ജനുവരി 21ന് ശേഷമാകും തുറക്കുക. ഇടവെട്ടി വനത്തിന് സമീപമാണ് നിലവിൽ ജോലികൾ തുടരുന്നത്. തെക്കുഭാഗം, ഇടവെട്ടി, കുമാരമംഗലം, കല്ലൂർക്കാട്, ഏനാനെല്ലൂർ, ആനിക്കാട്, രണ്ടാറ്റിൻക്കര പ്രദേശങ്ങളിലൂടെ കടന്ന് പോകുന്ന വലത് കര കനാലിന് 27 കിലോമീറ്റർ ദൂരമാണുള്ളത്.