prathikal
ജിതിൻ,പ്രവീൺ, വിനീഷ്‌

കട്ടപ്പന : ചീന്തലാറിലുള്ള പീരുമേട് ടീ കമ്പനിയുടെ പൂട്ടിക്കിടക്കുന്ന ഫാക്ടറിയിൽ നിന്നും യന്ത്ര സാമഗ്രികൾ മോഷ്ടിച്ച സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിലായി. ചീന്തലാർ കാറ്റാടിക്കവല മലക്കര വീട്ടിൽ വിനീഷ് (36), ചീന്തലാർ ഒന്നാം ഡിവിഷൻ എസ്റ്റേറ്റ് ലയത്തിൽ ചെരിവു പറമ്പിൽ ജിതിൻ (27),എസ്റ്റേറ്റ് ലയത്തിൽ ശശിയുടെ മകൻ പ്രവീൺ (27) എന്നിവരെയാണ് ഉപ്പുതറ പൊലീസ് പിടികൂടിയത്.കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് ഫാക്ടറിക്കുള്ളിലെ ഇരുമ്പ്, പിത്തള എന്നിവ ഉപയോഗിച്ച് നിർമ്മിച്ച യന്ത്ര സാമഗ്രികൾ മോഷണം പോയത്. ഫാക്ടറിയുടെ വാതിൽ പൊളിച്ചു മാറ്റിയാണ് മോഷ്ടാക്കൾ അകത്ത് കയറിയത്. വൈകുന്നേരം വാച്ചർ എത്തിയപ്പോഴാണ് മോഷണം നടന്നത് ശ്രദ്ധയിൽപ്പെട്ടത്. ഇയാളുടെ പരാതിയിലാണ് കേസന്വേഷണം ആരംഭിച്ചത്. ഉപ്പുതറ എസ് എച്ച് ഒ ഇ.ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി.ഡിസംബറിലും ഇതേ ഫാക്ടറിയിൽ മോഷണം നടന്നിരുന്നു. പീരുമേട് ടീ കമ്പനിയുടെ അധീനതയിലുള്ള ലോൺ ട്രീ ഫാക്ടറിയിൽ മോഷണം നടത്തുന്നതിനിടെ മൂന്ന് പേരെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചതും അടുത്തിടെയാണ്.