ഇടുക്കി: ഗവ. എൻജിനീയറിങ് കോളേജിൽ കൊല്ലപ്പെട്ട എസ്.എഫ്.ഐ. പ്രവർത്തകൻ ധീരജ് രാജേന്ദ്രന് ഇടുക്കിയുടെ അന്ത്യാഭിവാദ്യം. ഇന്നലെ രാവിലെ 11നാണ് മെഡിക്കൽ കോളേജിൽ നിന്ന് ബന്ധുക്കളും സി.പി.എം നേതാക്കളും ചേർന്ന് മൃതദേഹം ഏറ്റുവാങ്ങിയത്. തുടർന്ന് സി.പിഎം ജില്ലാ കമ്മറ്റി ഓഫീസിന് മുമ്പിൽ അരമണിക്കൂർ സമയം പൊതുദർശനത്തിനു വെച്ചു. അനുശോചനമറിയിക്കാൻ സി.പിഎം, ഡി.വൈ.എഫ്.ഐ നേതാക്കളുൾപ്പെടെ ആയിരക്കണക്കിനാളുകൾ കാത്തുനിൽപ്പുണ്ടായിരുന്നു. സി.പിഎം ജില്ലാ സെക്രട്ടറി സി.വി വർഗീസ് മൃതദേഹം ഏറ്റുവാങ്ങി. മുൻമന്ത്രിയും ഉടുമ്പൻചോല എം.എൽ.എയുമായ എം.എം. മണി സി.പി.എം പതാക പുതപ്പിച്ചു.
ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ, ഡി.വൈ.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്റ് എ.എ റഹിം, ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് വി.പി സതീഷ്, കോന്നി എം.എൽ.എ കെ.യു ജനീഷ് കുമാർ, യൂവജനക്ഷേമ കമ്മീഷൻ ചെയർപേഴ്‌സൺ ചിന്ത ജെറോം, ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് സമേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി . ഫിലിപ്പ്, ഖാദി ബോർഡ് ചെയർമാൻ പി. ജയരാജൻ,സി.പി.എം നേതാക്കളായ കെ.ജെ തോമസ്, കെ.കെ ജയചന്ദ്രൻ, സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമൻ, അനിൽ കൂവപ്ലാക്കൽ എന്നിവർ ആശുപത്രിയിലും സി.പി.എം ഓഫീസിലുമെത്തി ആദരാജ്ഞലികളർപ്പിച്ചു. ധീരജിന്റെ അമ്മയുടെ സഹോദരി ഗീതയും ഭർത്താവും ബന്ധുക്കളും മൃതദേഹത്തെ അനുഗമിച്ചു. 11.30 ന് ഇടുക്കിയിൽ നിന്നും പുറപ്പെട്ട വിലാപയാത്രയിൽ ആദ്യം അനൗൺസ്‌മെന്റ് വാഹനവും രണ്ടാമത് സി.പി.എം ജില്ലാസെക്രട്ടറി സി.വി വർഗീസും ഭാരവാഹികളും മൂന്നാമതായി ശവമഞ്ചം വഹിച്ച ആബുലൻസും, പുറകെ സി.പി.എം ഡിവൈ.എഫ്.ഐ എസ്.എഫ്.ഐ നേതാക്കളും അനുഗമിച്ചു. പൈനാവ് എൻജിനീയറിംഗ് കോളേജിൽ ധീരജിന്റെ മൃതദേഹമെത്തിച്ചപ്പോൾ പെൺകുട്ടികളുൾപ്പെടെയുള്ള സഹപാഠികളുടെ കൂട്ടനിലവിളി ഏവരുടേയും കണ്ണുനനയ്ക്കുന്നതായിരുന്നു. അവിടെവച്ച് സഹപാഠികൾ നക്ഷത്രാംഗിതമായ ശുഭ്ര പതാകയും പുതപ്പിച്ചു. കാത്തുനിന്ന അദ്ധ്യപകരും വിദ്യാർത്ഥികളും പൂക്കൾ വിതറി ആദരാജ്ഞലികൾ അർപ്പിച്ചു. 12 മണിയോടെ ധീരജിന്റെ ചേതനയറ്റ മൃതശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ഇടുക്കിയിൽ നിന്ന് യാത്രയായി.