തൊടുപുഴ: മാസ്റ്റർ പ്ലാൻ സംബന്ധിച്ച പ്രശ്‌നങ്ങൾ ചർച്ച ചെയ്യുന്നതിനായി സർവകക്ഷിയോഗം വിളിച്ചു കൂട്ടും. യോഗം വിളിച്ചു കൂട്ടണമെന്ന് പി.ജെ.ജോസഫ് എം.എൽ.എയോട് ആവശ്യപ്പെട്ടതായി നഗരസഭാ ചെയർമാൻ സനീഷ് ജോർജ് കൗൺസിലിനോട് പറഞ്ഞു. എല്ലാ വാർഡുകളിലും മാസ്റ്റർ പ്ലാനെ കുറിച്ച് ചർച്ചചെയ്യുന്നതിനായി ജനകീയ വാർഡുസഭകൾ സംഘടിപ്പിക്കാനും ഉദ്ദേശിക്കുന്നുണ്ട്.
മാസ്റ്റർ പ്ലാൻ മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കൗൺസിൽ തുടങ്ങിയപ്പോൾ തന്നെ യു.ഡി.എഫ് അംഗങ്ങൾ പ്ലക്കാർഡ് ഉയർത്തി പ്രതിഷേധിച്ചിരുന്നു. തുടർന്നാണ് യോഗം വിളിച്ചുകൂട്ടാൻ ആവശ്യപ്പെട്ട കാര്യം ചെയർമാൻ കൗൺസിലിനെ അറിയിച്ചത്. മാസ്റ്റർ പ്ലാനിൽ ഉൾപ്പെട്ട ഭൂമി മരവിപ്പിച്ചിട്ടുള്ളതിനാൽ നഗരത്തിലെ എല്ലാ പ്രവർത്തനങ്ങളും സ്തംഭിച്ചിരിക്കുകയാണെന്ന് കൗൺസിലർ കെ.ദീപക് ചൂണ്ടിക്കാട്ടി. നിരവധി നിർമ്മാണ അനുമതി അപേക്ഷകൾ നഗരസഭ നിരസിക്കുകയാണ്. മാസ്റ്റർപ്ലാൻ നോട്ടിഫൈ ചെയ്തതിന് മുമ്പ് സമർപ്പിച്ച അപേക്ഷകൾ പോലും നഗരസഭ നിരസിച്ചിരിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടി കാട്ടി. ജനങ്ങൾ ചോദിക്കുമ്പോൾ മാസ്റ്റർപ്ലാനിലെ പദ്ധതികൾ വേണ്ടെങ്കിൽ വേണ്ട എന്ന് അഭിപ്രായം പറയുകയും കൗൺസിലിൽ കടകവിരുദ്ധമായ അഭിപ്രായം പറയുകയുമാണ് ചെയർമാൻ ചെയ്യുന്നതെന്ന് കൗൺസിലർ സനു കൃഷ്ണൻ പറഞ്ഞു. രാഷ്ട്രീയകക്ഷി പ്രതിനിധികളുടെയും യോഗം വിളിച്ചു കൂട്ടുന്നതിന് മുമ്പ് മാസ്റ്റർപ്ലാൻ മരവിപ്പിക്കുന്നതിനെ സംബന്ധിച്ച് ബന്ധപ്പെട്ടവരുമായി ചർച്ച ചെയ്യണമെന്നും ഒരു സമവായത്തിലെത്തണമെന്നും അഡ്വ.ജോസഫ് ജോൺ ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ ആവശ്യമായ നടപടി സ്വീകരിക്കാമെന്ന് ചെയർമാൻ ഉറപ്പ് നൽകിയതോടെ കൗൺസിൽ യോഗത്തിൽ ബഹളം അവസാനിപ്പിച്ച് മറ്റ് അജണ്ടകളിലേക്ക് കടന്നു.