കട്ടപ്പന :അടിമാലി -കുമളി ദേശീയ പാതയോരത്ത് മുളകരമേട്ടിൽ പന്നി ഫാമിലെ മാലിന്യങ്ങൾ തള്ളിയ നിലയിൽ കണ്ടെത്തി. വലിയ വാഹനത്തിലെത്തിച്ച് റോഡു വശത്തെ ഓടയിലേയ്ക്കാണ് മാലിന്യങ്ങൾഒഴുക്കിയിരിക്കുന്നത്.ദുർഗന്ധത്തെ തുടർന്ന് സമീപവാസികൾ നടത്തിയ പരിശോധനയിലാണ് മാലിന്യം ഒഴുക്കിയിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. ചൊവ്വാഴ്ച്ച അർധദ്ധരാത്രിയിലാണ് മാലിന്യം ഒഴുക്കിയതെന്നാണ് സൂചന.
അരകിലോ മീറ്റർ ദൂരത്തോളം ഒഴുകിയ മാലിന്യത്തിന്റെ അംശങ്ങൾ സമീപത്തെ കിണറുകളിൽ വീണിട്ടുണ്ടോയെന്നും സംശയമുണ്ട്.നാട്ടുകാർ വിവരമറിയിച്ചതനുസരിച്ച് കട്ടപ്പന നഗരസഭാ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ബ്ലീച്ചിംഗ് പൗഡർ വിതറി. കുറ്റക്കാരെ കണ്ടെത്താൻ പൊലീസിൽ പരാതി നൽകുമെന്ന് വാർഡ് കൗൺസിലർ പ്രശാന്ത് രാജു പറഞ്ഞു. അടുത്തുള്ള വ്യാപാര സ്ഥാപനങ്ങളിലെയും, വീടുകളിലെയും സി സി ടി വി ക്യാമറകൾ പരിശോധിച്ച് മാലിന്യം തള്ളിയവരെ കണ്ടെത്തി കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വിഭാഗവും അറിയിച്ചു.