carpulyanmala

കട്ടപ്പന :സംസ്ഥാന പാതയിൽ പുളിയൻമല ഹിൽ ടോപ്പിന് സമീപമുണ്ടായ വ്യത്യസ്ത വാഹനാപകടങ്ങളിൽ 3 പേർക്ക് പരിക്കേറ്റു.തൊഴിലാളികളെയുമായി കട്ടപ്പനയ്ക്ക് വരികയായിരുന്ന കാർ നിയന്ത്രണം നഷ്ടപ്പെട്ട് വൈദ്യുത പോസ്റ്റിലിടിച്ചതാണ് ആദ്യത്തെ അപകടം. ബുധനാഴ്ച്ച രാവിലെയാണ് വാഹനം അപകടത്തിൽപ്പെട്ടത്.കാറിലുണ്ടായിരുന്ന തമിഴ്‌നാട് സ്വദേശികളായ 2 സ്ത്രീ തൊഴിലാളികൾക്കു തോളെല്ലിന് പരിക്കേറ്റു. ചികിത്സയ്ക്കായി ഇവരെ തമിഴ്‌നാട്ടിലെ ഉശിലംപെട്ടിയിലേയ്ക്ക് കൊണ്ടുപോയി. അപകടത്തിൽ ഇലക്ട്രിക് പോസ്റ്റും വൈദ്യുത ലൈനുകളും തകർന്നു .ബുധനാഴ്ച്ച രാവിലെ പത്ത് മണിയോടെയാണ് രണ്ടാമത്തെ അപകടം നടന്നത്. സ്‌കൂട്ടറിൽ സഞ്ചരിച്ചിരുന്ന യുവതി റോഡിനരികിലെ കലുങ്കിലേയ്ക്ക് നിയന്ത്രണം നഷ്ടമായി മറിയുകയായിരുന്നു. കട്ടപ്പന സബ് കോടതി ജീവനക്കാരിയായ മുണ്ടിയെരുമ സ്വദേശി ശ്രീജാ തങ്കച്ചനാണ് അപകടത്തിൽപ്പെട്ടത്.വീഴ്ച്ചയുടെ ആഘാതത്തിൽ യുവതിയുടെ വലത് കൈ ഒടിഞ്ഞു. തുടർന്ന് ഇത് വഴി എത്തിയ മറ്റ് വാഹന യാത്രികരാണ് ഇവരെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. ഉപയോഗ ശൂന്യമായ കലുങ്ക് കാട്മൂടിയ നിലയിലായതിനാൽ വാഹനങ്ങൾ അപകടത്തിൽപ്പെടാൻ ഇനിയും സാദ്ധ്യതയുണ്ട്.