തൊടുപുഴ: കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധവും ജനാധിപത്യ വിരുദ്ധവുമായ നയങ്ങൾക്കും വർഗീയവത്കരണത്തിനുമെതിരെ 17ന് ജില്ലയിൽ ഒമ്പത് കേന്ദ്രങ്ങളിൽ സി.പി.ഐയുടെ നേതൃത്വത്തിൽ കേന്ദ്ര സർക്കാരിന്റെ ഓഫീസുകളിലേക്കു മാർച്ച് ധർണയും നടത്തുമെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമൻ തൊടുപുഴയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സമര സന്ദേശം പ്രചരിപ്പിക്കുന്നതിനായി 16 വരെ പാർട്ടി മണ്ഡലം സെക്രട്ടറിമാരുടെ നേതൃത്വത്തിൽ പ്രചരണ ജാഥകൾ നടത്തും. പി.പി. ജോയിയുടെ നേതൃത്വത്തിലുള്ള ജാഥ മുള്ളരിങ്ങാട് കെ.കെ. ശിവരാമൻ ഉദ്ഘാടനം ചെയ്യും. വിനു സ്‌കറിയ നയിക്കുന്ന അടിമാലി ജാഥ ബൈസൺവാലിയിൽ സി.എ. ഏലിയാസും പി. പളനിവേലിന്റെ നേതൃത്വത്തിലുള്ള ദേവികുളം ജാഥ കോവിലൂരിൽ മാത്യു വർഗീസും ഉദ്ഘാടനം ചെയ്യും.
കെ.സി. ആലീസ് നയിക്കുന്ന ശാന്തമ്പാറ ജാഥ ആനയിറങ്കലിൽ പി. മുത്തുപാണ്ടി ഉദ്ഘാടനം ചെയ്യും. വി.കെ. ധനപാൽ നിയക്കുന്ന ജാഥ ഉടുമ്പൻചോലയിൽ ഇ.എസ്. ബിജിമോൾ ഉദ്ഘാടനം ചെയ്യും. പീരുമേട് ജാഥ കുമളി ഒന്നാംമൈലിൽ ജോസ് ഫിലിപ്പ്, ഏലപ്പാറ ജാഥ ഉപ്പുതറയിൽ എം.എൽ.എ വാഴൂർ സോമനും ഉദ്ഘാടനം ചെയ്യും. വി.ആർ. ശശി നയിക്കുന്ന കട്ടപ്പന ജാഥ ചെമ്പകപ്പാറയിൽ കെ.കെ. ശിവരാമൻ ഉദ്ഘാടനം ചെയ്യും.
17ന് മണ്ഡലം കേന്ദ്രീകരിച്ച് മാർച്ചും ധർണയും നടക്കും. തൊടുപുഴയിൽ ധർണ്ണ കെ. സലിംകുമാർ, ഇടുക്കിയിൽ സി.യു. ജോയി, കട്ടപ്പന മാത്യു വർഗീസ്, ഏലപ്പാറ ഇ.എസ്. ബിജിമോൾ, പീരുമേട് വാഴൂർ സോമൻ, ഉടുമ്പൻചോലയിൽ കെ.കെ. ശിവരാമൻ, ശാന്തൻപാറയിൽ പ്രിൻസ് മാത്യു, മൂന്നാർ എം.വൈ. ഔസേപ്പ്, അടിമാലിയിൽ സി.എ. ഏലിയാസ് എന്നിവരും ധർണ ഉദ്ഘാടനം ചെയ്യും.
സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം കെ. സലിംകുമാർ, തൊടുപുഴ താലൂക്ക് കമ്മിറ്റി സെക്രട്ടറി പി.പി. ജോയി എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
രാജേന്ദ്രൻ സമീപിച്ചിട്ടില്ല: ശിവരാമൻ
ദേവികുളം മുൻ എം.എൽ.എ എസ്. രാജേന്ദ്രൻ തങ്ങളെ ഇതുവരെ സമീപിച്ചിട്ടില്ലെന്ന് കെ.കെ. ശിവരാമൻ പറഞ്ഞു. രാജേന്ദ്രനെതിരെ ഇതുവരെ സി.പി.എം എന്തെങ്കിലും നടപടിയെടുത്തതായി അറിവില്ല. രാജേന്ദ്രൻ സി.പി.എമ്മിൽ നിന്ന് പുറത്തുവന്നാൽ മാത്രമേ ചർച്ചയ്ക്ക് സാധ്യതയുള്ളൂ. അപ്പോൾ അക്കാര്യം ആലോചിക്കും. വട്ടവടയിൽ നിന്നടക്കം നിരവധി സി.പി.എം നേതാക്കൾ സി.പി.ഐയിലേക്ക് വന്നിട്ടുണ്ട്. സി.പി.എം ജില്ലാ സമ്മേളനത്തിലെ പ്രതിനിധി സമ്മേളനത്തിലും പ്രവർത്തനറിപ്പോർട്ടിലും സി.പി.ഐയ്ക്ക് വിമർശനമുണ്ടായെന്ന് വാർത്തകളിലൂടെ മാത്രമാണ് അറിഞ്ഞത്. ചിന്നക്കനാൽ പഞ്ചായത്തിലെ പ്രശ്നം ചർച്ചയിലൂടെ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.