രാജാക്കാട്: ടൗണിലും പരിസര പ്രദേശത്തും തെരുവ് നായ ശല്യം അതിരൂക്ഷം. നായ്ക്കളാണ് കൂട്ടമായി പ്രശ്‌നം സൃഷ്ടിക്കുന്നത്. കുട്ടികളുടെയും വൃദ്ധരുടെയും നേരെ കുരച്ചു കൊണ്ട് ഇവ ചാടി അടുക്കുന്നത് നിത്യ സംഭവമാണ്. പല വീടുകളിലെയും വളർത്തു കോഴി, മുയൽ, താറാവ് എന്നിവയെ പിടിച്ച് കൊല്ലുന്നതും പതിവായിട്ടുണ്ട്. രാജാക്കാട് പള്ളിയുടെ പരിസരം, മത്സ മാംസ വിൽപന ശാലകൾ, ബസ് സ്റ്റാൻഡ് എന്നീ മേഖലകളിലാണ് കൂടുതലായും ഇവ കൂട്ടം കൂടുന്നത്. അടിയന്തരമായി പരിഹാരം കാണാൻ പഞ്ചായത്ത് അധികൃതർ തയ്യാറാകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.