
തൊടുപുഴ: മങ്ങാട്ടുകവല ബസ് സ്റ്റാൻഡിനോടുള്ള മുനിസിപ്പാലിറ്റിയുടെ അവഗണന പ്രതിഷേധാർഹമെന്ന് തൊടുപുഴ മർച്ചന്റ്‌സ് അസോസിയേഷൻ.പഴയ സ്റ്റാൻഡിനുള്ളിലെ റോഡ് പൊട്ടിപൊളിഞ്ഞതിനാൽ സ്റ്റാൻഡിൽ പൊടി ശല്യം രൂക്ഷമായിരിക്കുകയാണ്.ഇത് സ്റ്റാൻഡിലെ വ്യാപാരികൾക്കും യാത്രക്കാർക്കും ഡ്യൂട്ടിയിലുള്ള പൊലീസ്‌കാർക്കും ജില്ലാ ആശുപത്രിയിലേക്ക് വരുന്ന രോഗികൾക്കും ഗുരുതര ആരോഗ്യപ്രശ്‌നങ്ങളാണ് സൃഷ്ടിക്കുന്നത്.
ആയിരക്കണക്കിന് ആളുകളാണ് ബസ് സ്റ്റാൻഡിനെ ആശ്രയിക്കുന്നത്.ഇവിടെയുണ്ടായിരുന്ന ടോയ്‌ലറ്റുകൾ പൂട്ടിയിട്ടിട്ടു ആഴ്ചകളായി.സ്റ്റാൻഡിലെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് കൗൺസിലർമാരുടെ കൃത്യമായ ഇടപെടലുകൾ ഉണ്ടാകണം.
ബസ് സ്റ്റാൻഡിലെ അസൗകര്യങ്ങൾ പല തവണനഗരസഭ അധികൃതർക്ക് മുന്നിൽ ചൂണ്ടികാണിച്ചിട്ടും അലംഭാവം തുടരുന്ന നഗരസഭ ഇനിയും ഈ നിലപാട് സ്വീകരിച്ചാൽ മർച്ചന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ വ്യാപാരികളെയും പൊതുജനങ്ങളേയും ജീവനക്കാരെയും അണിനിരത്തി ശക്തമായ സമരപരിപാടികളുമായി രംഗത്തിറങ്ങുമെന്ന് സെക്രട്ടറിയേറ്റ് യോഗം അധികാരികളെ ഓർമിപ്പിച്ചു.
അസോസിയേഷൻ പ്രസിഡന്റ് രാജു തരണിയിലിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജനറൽ സെക്രട്ടറി നാസർ സൈര, ട്രഷറർ പി. ജി രാമചന്ദ്രൻ, വൈസ് പ്രസിഡന്റ്മാരായ സാലി എസ്. മുഹമ്മദ്, അജീവ് പി, ടോമി സെബാസ്റ്റ്യൻ, ജോയിന്റ് സെക്രട്ടറിമാരായ ഷെറീഫ് സർഗം, ബെന്നി ഇല്ലിമൂട്ടിൽ തുടങ്ങിയവർ സംസാരിച്ചു.