mrala

മുട്ടം : ബസ് തട്ടിയെന്നാരോപിച്ച് കാർ കുറുകെയിട്ട് സംസ്ഥാന പാതയിൽ വാക്ക് തർക്കം. ഇന്നലെ രാവിലെ 10.45 ന് മുട്ടം തൊടുപുഴ റൂട്ടിൽ മ്രാലക്ക് സമീപത്താണ് സംഭവം. കട്ടപ്പനയിൽ നിന്ന് തൊടുപുഴക്ക് വന്ന സ്വകാര്യ ബസ് മുട്ടം എഞ്ചിനിയറിങ് കോളേജിന് സമീപത്ത് വെച്ച് കാറിൽ തട്ടി കാറിന്റെ സൈഡ് കണ്ണാടിക്ക് കേട് സംഭവിച്ചു എന്ന് ആരോപിച്ചാണ് കാർ ബസ്സിന് കുറുകെയിട്ടത്. ബസ്സിന് പുറകെ അമിത വേഗതയിൽ വന്ന കാർ മ്രാലക്ക് സമീപം വെച്ചാണ് ബസിന്റെ മുന്നിൽ കയറി ബസിന് മന്നോട്ട് പോകാൻ കഴിയാതെ കുറുകെ ഇട്ടത്. രണ്ട് പുരുഷന്മാരും ഒരു സ്ത്രീയുമാണ് കാറിലുണ്ടായിരുന്നത്.
ബസ് ജീവനക്കാരും യാത്രക്കാരും കാറിൽ പരിശോധന നടത്തിയെങ്കിലും ബസ് കാറിൽ തട്ടിയതിന്റെ ലക്ഷണങ്ങൾ കണ്ടില്ല.ഇതേ തുടർന്ന് ബസ് ജീവനക്കാരും കാറിൽ എത്തിയവരും തമ്മിൽ വാക്കേറ്റമായി. തർക്കത്തിന് പരിഹാരം ആകാത്തതിനെ തുടർന്ന് ബസിലുള്ള യാത്രക്കാരും കാറിൽ എത്തിയവർക്ക് നേരെ തട്ടിക്കയറി. വിവരം അറിഞ്ഞ് മുട്ടം എസ്‌.ഐ ഷാജഹാൻ പി കെ, എഎസ്‌ഐ അബ്ദുൾ ഖാദർ, സിപിഒ അനൂപ് എന്നിവർ സ്ഥലത്ത് എത്തി പരിശോധന നടത്തിയിട്ടും ബസ് കാറിൽ തട്ടിയതിന്റെ ലക്ഷണങ്ങൾ കണ്ടെത്താൻ കഴിഞ്ഞില്ല. കാറിൽ വന്നവരിൽ നിന്ന് പോലീസ് പരാതി എഴുതി വാങ്ങി ഇരുകൂട്ടരേയും പറഞ്ഞയച്ചു.