pipe

മൂന്നാർ: സംസ്ഥാനത്തെ ഏക ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടി പഞ്ചായത്തിലെ ഇഡ്ഡലിപാറ കുടിയിലെ നൂറോളം കുടുംബങ്ങളുടെ കുടിവെള്ളക്ഷാമം പരിഹരിക്കാൻ കുടിവെള്ള പൈപ്പെത്തിച്ച് നൽകി സുരേഷ് ഗോപി എം.പി. പഞ്ചായത്തിലെ 9, 10 വാർഡുകളായ തെക്കെഇഡ്ഡലിപ്പാറക്കുടി, വടക്കെ ഇഡ്ഡലിപ്പാറക്കുടി എന്നിവിടങ്ങളിൽ ഏറെക്കാലമായി കുടിവെള്ള ക്ഷാമം രൂക്ഷമാണ്. ഇക്കാര്യം ബി.ജെ.പി ജില്ലാ നേതൃത്വം സുരേഷ് ഗോപി എം.പിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. തുടർന്ന് എം.പി ഫണ്ടിൽ നിന്ന് 12 ലക്ഷം ജില്ലാ കളക്ടർക്ക് അനുവദിച്ചു. എന്നാൽ ഇടമലക്കുടി പഞ്ചായത്തിൽ സർക്കാർ സംവിധാനത്തിൽ അനുവദിക്കുന്ന ഫണ്ട് ചെലവഴിക്കുന്നതിന് വനംവകുപ്പ് അനുമതി വേണമെന്നതിനാൽ പദ്ധതി നടപ്പിലാക്കുന്നത് നീളുകയായിരുന്നു. ഇത് മനസിലാക്കിയ എം.പി തന്റെ മകളുടെ പേരിലുള്ള ട്രസ്റ്റിൽ നിന്ന് ഏഴ് ലക്ഷം രൂപ ഇതിനായി അനുവദിച്ചു. പിന്നാലെ 3.250 കി.മീ. ദൂരത്തുള്ള വെള്ളവരയിൽ നിന്ന് ഇഡ്ഡലിപാറയിലേക്ക് വെള്ളമെത്തിക്കുന്നതിന് ആവശ്യമായ എച്ച്.ഡി പൈപ്പ് വാങ്ങി നൽകി. കോട്ടയത്ത് നിന്ന് പൈപ്പ് ലോറിയിൽ കയറ്റി പെട്ടിമുടിയിലെത്തിച്ച് ഉപഭോക്താക്കൾക്ക് കൈമാറി. സുരേഷ് ഗോപി എം.പിയുടെ നിർദ്ദേശ പ്രകാരം ബി.ജെ.പി ജില്ലാ ജന. സെക്രട്ടറി വി.എൻ. സുരേഷ്, ജില്ലാ സെൽ കോ- ഓർഡിനേറ്റർ സോജൻ ജോസഫ്, അടിമാലി മണ്ഡലം ജന. സെക്രട്ടറി ബി. മനോജ് കുമാർ എന്നിവർ പൈപ്പുകൾ ഇവിടെ എത്തിച്ച് നൽകി. കുടിനിവാസികൾ പൈപ്പുകൾ പിന്നീട് ജീപ്പിലും തലച്ചുമടായും കുടികളിലേക്ക് കൊണ്ടുപോയി. പദ്ധതി ഇവർ തന്നെ നേരിട്ടാണ് നടപ്പിലാക്കുന്നത്. കുടിയിലെ പടുതാക്കുളത്തിലേക്കാണ് പൈപ്പ് വഴി വെള്ളമെത്തിക്കുന്നത്. പിന്നീട് ഇവിടെ നിന്നാണ് വിതരണം നടത്തുക. മേഖല പ്രസിഡന്റ് എൻ. ഹരി, ജില്ലാ പ്രസിഡന്റ് കെ.എസ്. അജി എന്നിവരാണ് എം.പിയുമായി ബന്ധപ്പെട്ട് നടപടികൾ ഏകോപിപ്പിച്ചത്.