മൂന്നാർ: മദ്യലഹരിയിൽ വില്ലേജ് ഓഫീസിൽ ജോലിക്കെത്തിയ വില്ലേജ് അസിസ്റ്റന്റിനെ ജില്ലാ കളക്ടർ സസ്‌പെൻഡ് ചെയ്തു. വട്ടവട വില്ലേജ് ഓഫീസിലെ അസിസ്റ്റന്റ് റെജീഷിനെയാണ് കളക്ടർ ഷീബാ ജോർജ് സസ്‌പെൻഡ് ചെയ്തത്. ചൊവ്വാഴ്ച്ച ഉച്ചകഴിഞ്ഞ് വട്ടവട വില്ലേജ് ഓഫിസിലായിരുന്നു സംഭവം. കരമടയ്ക്കാൻ നാട്ടുകാർ ഓഫീസിലെത്തിയപ്പോഴാണ് മദ്യപിച്ച് ബോധമില്ലാതെ റെജീഷ് ഓഫീസിൽ ഇരിക്കുന്നത് കണ്ടത്. വില്ലേജ് ഓഫീസറുടെ കസേരയിൽ മറ്റൊരാളും മദ്യലഹരിയിൽ ഉണ്ടായിരുന്നു. നാട്ടുകാർ അറിയിച്ചതനുസരിച്ച് ദേവികുളം തഹസിൽദാർ ഷാഹിനാ രാമകൃഷ്ണൻ സ്ഥലത്തെത്തിയപ്പോഴേയ്ക്കും ഇയാൾ ഓഫീസിൽ നിന്ന് പോയിരുന്നു. ഓഫീസ് പരിസരത്ത് നിന്ന് നാട്ടുകാർ മദ്യക്കുപ്പികളും ഭക്ഷണ സാധനങ്ങളും കണ്ടെത്തി തഹസീൽദാർക്ക് കൈമാറി. വില്ലേജ് ഓഫീസറും മറ്റ് രണ്ട് ജീവനക്കാരും അവധിയിലായിരുന്നു. ഓഫീസിൽ ഇടനിലക്കാരനായി പ്രവർത്തിക്കുന്ന ആളാണ് വില്ലേജ് ഓഫീസറുടെ കസേരയിൽ ഇരുന്നതെന്ന് പറയുന്നു. തഹസിൽദാറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ജീവനക്കാരനെ സസ്‌പെൻഡ് ചെയ്തത്. ഇന്നലെ ഉച്ചയോടെയാണ് റിപ്പോർട്ട് ലഭിച്ചതെന്നും ഉടൻ നടപടി സ്വീകരിക്കുകയായിരുന്നെന്നും കളക്ടർ പറഞ്ഞു. മുമ്പ് മാങ്കുളം വില്ലേജ് ഓഫീസിൽ ജോലിചെയ്തിരുന്ന ആളാണ് റെജീഷ്. പതിവായി മദ്യപിച്ച് ഓഫീസിൽ എത്തിയിരുന്നതിനാൽ നടപടിയെടുത്താണ് വട്ടവടയിലേയ്ക്ക് മാറ്റിയത്.