തൊടുപുഴ: ജലവിതരണത്തിന്റെ ഭാഗമായി സ്ഥാപിച്ച കൂറ്റൻ പൈപ്പ് പൊട്ടിയതിനെ തുടർന്ന് നഗരത്തിൽ മുടങ്ങിയ കുടിവെള്ള വിതരണം ഇന്ന് ഉച്ചയോടെ പുനസ്ഥാപിക്കാനാകുമെന്ന പ്രതീക്ഷയിൽ വാട്ടർഅതോറിട്ടി. കഴിഞ്ഞ ദിവസമാണ് പാലാ റോഡിൽ ധന്വന്തരി പടിയ്ക്ക് സമീപം പൈപ്പ് പൊട്ടിയത്. നഗരത്തിന്റെ പടിഞ്ഞാറൻ മേഖലയിലേക്ക് വെള്ളമെത്തിക്കുന്ന പൈപ്പാണ് പൊട്ടിയത്. ഈ മേഖലയിൽ മാത്രം നൂറ് കണക്കിന് വ്യാപാര സ്ഥാപനങ്ങളും വീടുകളുമുണ്ട്. പൊട്ടിയ പൈപ്പിന്റെ ഭാഗം മാറ്റി സ്ഥാപിക്കാനുള്ള നടപടികൾ ഇന്നലെ രാവിലെ മുതൽ വാട്ടർ അതോറ്ററ്റി അധികൃതർ ആരംഭിച്ചു. ഒരാൾ താഴ്ചയിൽ സ്ഥാപിച്ചിരിക്കുന്ന പൈപ്പാണ് ഒരു മീറ്ററോളം നീളത്തിൽ പൊട്ടിയിരിക്കുന്നത്. മൂന്ന് ദിവസമെങ്കിലും എടുക്കുന്ന പണി രാത്രിയോടെ തീർക്കാനുള്ള നീക്കത്തിലാണ് അധികൃതർ. ഇതിന്റെ ഭാഗമായി കൂടുതൽ തൊഴിലാളികളെയും ജോലിക്കെത്തിച്ചിട്ടുണ്ട്.
ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്ത് രാത്രിയിലും ക്യാമ്പ് ചെയ്യുകയാണ്.