തൊടുപുഴ: വലിയ പ്രതീക്ഷയോടെ വീണ്ടും തൊഴിൽമേഖല വിപുലപ്പെടുത്തിയ കാറ്ററിംഗ് തൊഴിൽ രംഗത്തുള്ളവർ വീണ്ടും പ്രതിസന്ധിയിലേയ്ക്ക്. ചടങ്ങുകളിൽ ആൾക്കൂട്ട നിയന്ത്രണം വരുമ്പോൾ കനത്ത തിരിച്ചടി നേരിട്ട ഇവർ ഇനിയെങ്ങനെ കരകയറും എന്ന ആശങ്കയിലാണ്. ഒമിക്രോൺ വ്യാപകമായാൽ വിവാഹ സീസൺ കൂടിയായ വേനലവധിക്കാലം ഇത്തവണയും കൈവിടുമോയെന്ന ഭയവുമുണ്ട് വ്യവസായികൾക്കും തൊഴിലാളികൾക്കും. കഴിഞ്ഞ രണ്ട് വർഷമായി തങ്ങളുടെ തൊഴിൽ മേഖല ആകെ വറുതിയിലാണ്ടപ്പോഴും പ്രതീക്ഷകൾ ഏറെയുണ്ടായിരുന്നു. അമ്പതോ നൂറോ പേർക്കുള്ള വിഭവങ്ങൾ തയ്യാറാക്കുന്നത് നഷ്ടക്കച്ചവടമാണ്. ആയിരം പേരുടെ സദ്യവട്ടം തയ്യാറാക്കുമ്പോൾ ചുരുങ്ങിയത് 40 പേർക്ക് കാറ്ററിംഗുമായി ബന്ധപ്പെട്ട് ജോലി ലഭിക്കുമായിരുന്നു. ആളെണ്ണം വെട്ടിച്ചുരുക്കുന്നതോടെ കാറ്ററിംഗ് ടീമിലെ ജോലിക്കാരുടെ എണ്ണം പരമാവധി 10ലേക്ക് ചുരുങ്ങി. കൊവിഡെത്തിയതോടെ വിവാഹത്തിന് പുറമേ നിശ്ചയം, പിറന്നാൾ, ഗൃഹപ്രവേശം, പേരിടീൽ, യാത്രഅയപ്പ്, അടിയന്തരം തുടങ്ങി എല്ലാ ചടങ്ങുകൾക്കും ആൾക്കൂട്ട നിയന്ത്രണമുണ്ട്. ഇപ്പോൾ ഹാൾ പ്രോഗ്രാമിന് അമ്പതും വീടുകളിലും ഓപ്പൺ ഏരിയായിലും ചടങ്ങുകൾക്ക് പരമാവധി നൂറുപേരെ മാത്രമേ പങ്കെടുപ്പിക്കാൻ അനുവാദമുള്ളു. ചെറിയ പരിപാടികൾ ഏറ്റെടുത്താൽ നഷ്ടം സഹിക്കേണ്ട അവസ്ഥ കാറ്ററിംഗ്കാർക്കുണ്ടാകും. ഇതുമായി ബന്ധപ്പെട്ട് വരുന്ന ചെലവുകളിൽ നേരിയ കുറവേ ഉണ്ടാകൂ എന്നതിനാൽ നഷ്ടം സഹിച്ചും പിടിച്ച് നിൽക്കാനുള്ള ശ്രമമാണ് ഈ മേഖലയിലുള്ളവർ നടത്തുന്നത്.

നിയന്ത്രണം പിടിമുറുക്കി,​ വരുമാനം മുടങ്ങി

1. ജോലിക്കാരുടെ എണ്ണം വീണ്ടും കുറയ്ക്കുന്നു

2. ഓർഡറുകൾ വെട്ടിച്ചുരുക്കി

3. വായ്പാ തിരിച്ചടവുകൾ മുടങ്ങി

4. സാമ്പത്തിക പ്രതിസന്ധി രൂക്ഷം

5. കുടുംബങ്ങൾ വീണ്ടും പട്ടിണിയിൽ