
ഇടുക്കി : ജില്ലാ വനിതാശിശു വികസന ഓഫീസും മഹിള ശക്തി കേന്ദ്രയും സംയുക്തമായി "യൂത്ത് എഗെയ്‌നസ്റ്റ് ഡൗറി കാമ്പയിൻ 2021 "ന്റെ ഭാഗമായി ജില്ലയിലെ കോളേജ് വിദ്യാർത്ഥികൾക്കായി സ്ത്രീധന നിരോധനം എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ഹ്രസ്വ ചിത്ര നിർമാണ മത്സരത്തിലെ വിജയികൾക്ക് ജില്ലാ കളക്ടർ ഷീബാ ജോർജ് ഉപഹാരം നല്കി. പുളിയൻമല ക്രൈസ്റ്റ് കോളേജ് വിദ്യാർത്ഥികൾ തയ്യാറാക്കിയ 'നീ എൻ ധനം ' എന്ന ഹ്രസ്വചിത്രം മൽസരത്തിൽ ഒന്നാം സ്ഥാനം നേടി. പെരുവന്താനം സെന്റ് ആന്റണിസ് കോളേജ് വിദ്യാർത്ഥികൾ തയ്യാറാക്കിയ 'ജാൻവി ദി ഗേൾ വിത്ത് സ്‌ട്രെങ്ത്' എന്ന ഹ്രസ്വചിത്രം രണ്ടാം സ്ഥാനം കരസ്ഥമാക്കി. കളക്ടറുടെ ചേംബറിൽ നടന്ന സമ്മാനദാന ചടങ്ങിൽ ജില്ലാ വനിതാശിശു വികസന ഓഫീസർ ഗീതകുമാരി, ജൂനിയർ സൂപ്രണ്ട് എൽ. ജലജ, മഹിളാശക്തി കേന്ദ്ര വുമൺ വെൽഫയർ ഓഫീസർ സൂര്യ പി എസ്, ജില്ലാ കോർഡിനേറ്റർ അശ്വതി പി യു എന്നിവർ പങ്കെടുത്തു.