
കട്ടപ്പന :ഇരട്ടയാറിന് സമീപം നത്തുകല്ലിൽ അച്ഛനും മകളും സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. വാഹനമോടിച്ച പിതാവ് മരണമടഞ്ഞു. മകൾക്ക് ഗുരുതര പരിക്കേറ്റു.തോപ്രാംകുടി ഉദയഗിരി അയ്യനോലിൽ ജോയ്‌സ് ജോസഫാണ് (ജിജോ-41) മരണമടഞ്ഞത്. ഭിന്നശേഷിക്കാരിയായ മകൾ അയോണ ജോയ്‌സ് ( 14 ) ഗുരുതര പരിക്കുകളോടെ പാലായിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.വ്യാഴാഴ്ച്ച ഉച്ചയ്ക്കാണ് അപകടം . കട്ടപ്പനയിലെ ബാങ്കിലേയ്ക്കുള്ള യാത്രക്കിടെയാണ് നത്തുകല്ലിന് സമീപത്ത് ജോയ്‌സും മകളും സഞ്ചരിച്ച മാരുതി ആൾട്ടോ കാർ എതിർ ദിശയിൽ നിന്നും വന്ന ലോറിയുമായി കൂട്ടിയിടിച്ചത്. മുൻവശം പൂർണ്ണമായും തകർന്ന കാറിൽ നിന്നും ഏറെ പണിപ്പെട്ടാണ് ഇരുവരെയും നാട്ടുകാരും മറ്റ് വാഹന യാത്രിക്കാരുംചേർന്ന് പുറത്തെടുത്തത്.ഉടനെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും സ്ഥിതി ഗുരുതരമായതിനാൽ ഇരുവരെയും പാലായിലെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റാൻ തീരുമാനിക്കുകയായിരുന്നു.എന്നാൽ യാത്രാ മദ്ധ്യെ ജോയ്‌സ് മരണമടഞ്ഞു.അതീവ ഗുരുതരാവസ്ഥയിലുള്ള അയോണ വെന്റിലേറ്റർ സഹായത്തോടെയാണ് ശ്വസിക്കുന്നത്. കട്ടപ്പന പൊലീസ് സ്ഥലത്തെത്തിമേൽനടപടികൾ സ്വീകരിച്ചു. സെൻസിയാണ്‌ജോയ്‌സിന്റെ ഭാര്യ .അനോഗ്, ആഷേൽ എന്നിവരാണ് മറ്റ് മക്കൾ.