kpn
കൗൺസിൽ യോഗത്തിൽ സിബി പാറപ്പായി വിയോജനം അറിയിക്കുന്നു

• കുഴൽക്കിണർ നിർമ്മിച്ചത് അനാവശ്യമെന്ന് പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മറ്റി അദ്ധ്യക്ഷൻ .


• ഭരണകക്ഷിയിലെ പതിനേഴ് അംഗങ്ങൾ കൗൺസിൽയോഗത്തിൽ വിയോജനംരേഖപ്പെടുത്തി.


• കുഴൽക്കിണർ നിർമ്മിച്ചത് നിയമാനുസൃതവും, കൂടിയാലോചിച്ചുമെന്ന് അധ്യക്ഷ

കട്ടപ്പന : നഗരസഭാ കാര്യാലയത്തിലെ കുടിവെള്ള സൗകര്യത്തിനായി നിർമ്മിച്ച കുഴൽക്കിണർ നിർമ്മാണത്തിൽ ചേരിപ്പോര് അവസാനിപ്പിക്കാൻ തയ്യാറാകാതെ ഭരണ കക്ഷി. കുഴൽക്കിണർ നിർമ്മിച്ചത് സെക്രട്ടറി നടത്തിയ അഴിമതിയാണെന്നാണ് ഭരണ സമിതി അംഗങ്ങൾ ആരോപിക്കുന്നത്.കുഴൽ കിണർ നിർമ്മിച്ചതിന് ചിലവായ തുകയുടെ കണക്ക് ഇന്നലെ നടന്ന കൗൺസിൽയോഗത്തിൽ അജണ്ടയായി അവതരിപ്പിച്ചപ്പോഴാണ് പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മറ്റി അദ്ധ്യക്ഷൻ സിബി പാറാപ്പായി എതിർത്തത്.മഴയുണ്ടായിരുന്ന സമയത്ത് കുഴൽക്കിണർ നിർമ്മിക്കേണ്ട സാഹചര്യമില്ലായിരുന്നുവെന്നും മുൻസിപ്പൽ ചട്ടപ്രകാരം സെക്രട്ടറിയ്ക്ക് വിനിയോഗിക്കാൻ കഴിയുന്ന തുകയേക്കാൾ കൂടുതൽ ഉപയോഗിച്ചത് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.സിബി പാറപ്പായിക്ക് പിന്തുണയുമായി കൗൺസിലിൽ പങ്കെടുത്ത മറ്റ് 17 യു ഡി എഫ് അംഗങ്ങളുംരേഖാമൂലം വിയോജനം അറിയിച്ചു.നഗരസഭാ
ചെയർപേഴ്‌സൺ ബീനാജോബി, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി അധ്യക്ഷ ജാൻസിബേബി, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി അധ്യക്ഷ മായാ ബിജു എന്നിവർ വിയോജനംരേഖപ്പെടുത്തിയില്ല.വിയോജനംരേഖപ്പെടുത്തിയ മിനുറ്റ്‌സിന്റെ പകർപ്പ് 48 മണിക്കൂറിനകം നൽകണമെന്നും ഭരണകക്ഷി അംഗങ്ങൾ ആവശ്യപ്പെട്ടു. കഴിഞ്ഞ നവംബറിലാണ് നഗരസഭാ കെട്ടിടത്തിലേയ്ക്കും ഇതിനുള്ളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലേയ്ക്കും വെള്ളം നൽകുന്നതിനായി സമീപത്തെ സ്റ്റേഡിയത്തിനുള്ളിൽ കുഴൽ കിണർ നിർമ്മിച്ചത്. മുൻപ് ടൗൺ കുടിവെള്ള പദ്ധതിയിൽ നിന്നും പണം നൽകിയാണ് കെട്ടിടത്തിലേയ്ക്ക് വെള്ളം എത്തിച്ചിരുന്നത്. നഗരസഭയുടെ തനത് പണം കുടിവെള്ള കുടിശ്ശിക അടയ്ക്കാൻ ഉപയോഗിക്കുന്നത് ചട്ടവിരുദ്ധമാണെന്ന്‌ബോദ്ധ്യപ്പെട്ടതോടെയാണ് പുതിയ കുഴൽ കിണർ നിർമ്മിച്ചത്.17 ഭരണകക്ഷി അംഗങ്ങൾ എതിർപ്പറിയിച്ചതോടെ ഓഡിറ്റ് ഒബ്ജക്ഷൻനേരിടാനുള്ള സാധ്യതയും വർധിച്ചു.


• നിർമ്മാണ സമയം മുതൽ എതിർപ്പ്

കൂടിയാലോചന നടത്താതെയാണ് അദ്ധ്യക്ഷയും സെക്രട്ടറിയുംചേർന്ന് കുഴൽ കിണർ നിർമ്മിച്ചത് എന്നായിരുന്നു വൈസ് ചെയർമാൻ അടക്കമുള്ളവർ തുടക്കം മുതൽ ആരോപണമുന്നയിച്ചിരുന്നത്.സ്റ്റാൻഡിംഗ് കമ്മറ്റിചേരാതെയും പ്രോജക്ട്, ഡി പി സി എന്നിവ ഇല്ലാതെയുമാണ് കുഴൽ കിണർ സ്ഥാപിച്ചത്. നിയമാനുസൃതമായ നടപടികൾ പാലിക്കാതെ നിർമ്മാണത്തിനായി നൽകിയ തുക ബന്ധപ്പെട്ടവരിൽ നിന്നും ഈടാക്കണമെന്നും ഭരണകക്ഷി അംഗങ്ങൾ ആവശ്യപ്പെട്ടു.

• വിവാദം സൃഷ്ടിക്കാൻ ഗൂഢ നീക്കം; എൽ.ഡി.എഫ്

നിലവിലെ ചെയർപേഴ്‌സണും, സെക്രട്ടറിയ്ക്കുമെതിരെയുള്ള ഗൂഡ നീക്കമാണ് ഇപ്പോഴത്തെ ആരോപണങ്ങളെന്ന് എൽ ഡി എഫ് അംഗങ്ങൾ പറഞ്ഞു. കൗൺസിൽയോഗത്തിലും, സ്റ്റീയറിംഗ് കമ്മറ്റിയോഗത്തിലും കുഴൽ കിണർ നിർമ്മിക്കാൻ അനുമതി വാങ്ങിയിട്ടുണ്ട്. ഈ തീരുമാനങ്ങളുടെ മിനുറ്റ്‌സ്‌കോപ്പികൾ ലഭിച്ചിട്ടുണ്ട്.അത് എഴുതിചേർത്തതാണെങ്കിൽ വിശദമായ അന്വേഷണം നടത്തണം.