തൊടുപുഴ: റേഷൻ കടകളുടെ സമയം പരിമിതമാക്കി പുന:ക്രമീകരിച്ചെങ്കിലും ജില്ലയിൽ പരാതികക്ക് ഇടവരുത്താതെ ആദ്യദിനം കടന്ന് പോയി. സെർവർ തകരാറ് മൂലം ഇ-പോസ് മെഷീനുകളുടെ പ്രവർത്തനം താറുമാറായതോടെ റേഷൻ വിതരണത്തിന് തടസം നേരിട്ടതിനെ തുടർന്ന് ഇടുക്കി ഉൾപ്പെടെ സംസ്ഥാനത്തെ 7 ജില്ലകളിലെ റേഷൻ കടകളുടെ പ്രവർത്തന സമയത്തിൽ സർക്കാർ പുന: ക്രമീകരണം ഏർപ്പെടുത്തിയിരുന്നു. രാവിലെ 8.30 മുതൽ 12.30 വരെയും ഉച്ചകഴിഞ്ഞ് 3.30 മുതൽ 6.30 വരെയായിരുന്നു റേഷൻ കടകളുടെ പ്രവർത്തന സമയം. എന്നാൽ ഇന്നലെ മുതൽ ഉച്ചകഴിഞ്ഞ് 3.30 മുതൽ വൈകിട്ട് 6.30 വരെയാക്കിയാണ് സമയം പുന: ക്രമീകരിച്ചത്. ജില്ലയിലെ വിവിധ റേഷൻ കടകളിൽ നിന്ന് 6711ആളുകൾ ഇന്നലെ റേഷൻ സാധനങ്ങൾ വാങ്ങി. ഇതിൽ മഞ്ഞ കാർഡിലുള്ളവർ 941,നീല കാർഡിലുള്ളവർ 1414, വെള്ള കാർഡിലുള്ളവർ 1032,പിങ്ക് കാർഡിലുള്ളവർ 3324 എന്നിങ്ങനെയാണ് റേഷൻ വാങ്ങിയത്. 5 താലൂക്കുകളിലായി 681റേഷൻ കടകളാണ് ജില്ലയിലുള്ളത്. ആകെ കാർഡ് ഉടമകൾ 314639. ഇതിൽ 2268 കാർഡുകൾ മഠം, സന്യാസി ഗ്രഹങ്ങൾ, മദ്രസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്ന ബ്രൗൺ കാർഡ് ഉടമകളാണ്. ഇന്നലെ ഉച്ചയോടെ സെർവർ തകരാർ പരിഹരിച്ചതായി അധികൃതർ പറഞ്ഞു.

മൂന്ന്മണിക്കൂർ

സമയത്തിനുള്ളിൽ....

ഏതാനും ദിവസമേ പ്രതിസന്ധി ഉണ്ടാകൂ എങ്കിലും ഒരു ദിവസം ലഭിക്കുന്ന മൂന്നു മണിക്കൂറിനുള്ളിൽ റേഷൻ വിതരണം കൃത്യമായി നടത്താൻ കഴിയുമോ എന്നതാണ് പ്രശ്നം. ജില്ലയിൽ മലയോര മേഖലകളിലും ഉൾനാടൻ പ്രദേശങ്ങളിലും റേഷൻ കടകളുണ്ട്. എന്നാൽ ജില്ലയിൽ വിദൂര സ്ഥലങ്ങളിൽ നിന്നുള്ളവർ ഇത്തരം കടകളിൽ എത്തി റേഷൻ സാധനങ്ങൾ വാങ്ങുന്നുണ്ട്. ഇവർക്ക് റേഷൻ കടകൾ പ്രവർത്തിക്കുന്ന പരിമിതമായ സമയത്ത് സാധനങ്ങൾ വാങ്ങാൻ കഴിയില്ല എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. കൂലിപണിചെയ്യുന്ന തൊഴിലാളികൾക്ക് ഉൾപ്പെടെ ഈ സമയം പ്രായോഗിക ബുദ്ധിമുട്ട് സൃഷ്ടിക്കും. കൊവിഡ് വ്യാപനം കൂടിയാൽ റേഷൻ കടകൾക്ക് മുന്നിൽ ആൾക്കൂട്ടം അനുവദിക്കില്ല എന്നുള്ള കാര്യങ്ങളും വെല്ലുവിളിയാണ്.

"സർക്കാർ തലത്തിൽ നിലവിലുള്ള സമയത്തിൽ മാറ്റം വരുത്തിയാൽ ജില്ലയിലും അത്തരത്തിൽ സമയത്തിൽ ക്രമീക്രണം വരുത്തും"

എ കെ സതീഷ് കുമാർ,

ജില്ലാ സപ്ലൈ ഓഫീസർ