മുട്ടം: മലങ്കര അണക്കെട്ടിൽ ജല നിരപ്പ് 41.84 മീറ്ററായി ഉയർന്നു. മൂലമറ്റം പവർ ഹൗസിൽ ഉത്പാദനം കൂടിയതിനെ തുടർന്നാണ് വേനലിലും മലങ്കരയിൽ ജല നിരപ്പ് ഉയർന്നത്. 42 മീറ്ററാണ് പരമാവധി സംഭരണ ശേഷി. അണക്കെട്ടിൽ നിന്നുള്ള 3 ഷട്ടർ 20 സെ. മീറ്റർ ഉയർത്തി തൊടുപുഴ ആറ്റിലേക്ക് വെള്ളം കടത്തി വിടുന്നുണ്ട്. അണക്കെട്ടിലെ ഇടത് കനാൽ കഴിഞ്ഞ ദിവസം മുതൽ തുറന്നിരുന്നു. വലത് കനാലിന്റെ നവീകരണ ജോലികൾ പൂർത്തീകരിച്ച് 21 മുതൽ ജലം കടത്തി വിടാനുള്ള പ്രവർത്തികൾ നടന്നു വരുകയാണ്. അണക്കെട്ടിൽ ജല നിരപ്പ് ഉയർന്നതിനെ തുടർന്ന് തൊടുപുഴ, മുവാറ്റുപുഴ ആറിന്റെ തീരങ്ങളിൽ ഉള്ളവർ ജാഗ്രത പുലർത്തണമെന്ന് കളക്ടർ ഷീബ ജോർജ് അറിയിച്ചു.