മുൻ എം. എൽ. എ എസ്. രാജേന്ദ്രനെതിരെ ആരോപണം
മൂന്നാർ: വില്ലേജ് ഓഫീസറുടെ സ്റ്റോപ്പ് മെമ്മോ നിലവിലിരിക്കെ മുൻദേവികുളം എം.എൽ.എ എസ്. രജേന്ദ്രന്റെ നേതൃത്വത്തിൽ ഇക്കാനഗറിൽസർക്കാർ ഭൂമി കൈയേറിയ സ്ഥലത്ത് നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി. കെ.എസ്.ഇ.ബിയ്ക്ക് സർക്കാർ കൈമാറിയ എട്ട് സെന്റോളം വരുന്ന ഭൂമിയാണ് കൈയേറി മുള്ളുവേലി സ്ഥാപിച്ചത്. ഇതിന് സമീപത്തായി എം.എൽ.എയുടെ ഭാര്യ ലതയുടെ പേരിൽ 4 സെന്റ് സ്ഥലവും ഇതിലൊരു വീടുമുണ്ട്. ഇതിന്റെ മറപിടിച്ചാണ് നിർമാണ പ്രവർത്തനങ്ങൾ നടത്തിയതെന്നായിരുന്നു റവന്യൂ വകുപ്പിന്റെ കണ്ടെത്തൽ.. സ്ഥലം കെട്ടി തിരിക്കുന്നതിനിടെ ദേവികുളം തഹസിൽദാർ വിവരം അറിയിച്ചതിനെ തുടർന്ന് ഉദ്യോഗസ്ഥരെത്തുകയായിരുന്നു. സ്‌റ്റോപ്പ് മെമ്മോ നൽകി നിർമാണം നിർത്തി വയ്ക്കണമെന്നും കൈയേറിയ ഭൂമി അടിയന്തരമായി വിട്ടൊഴിയേണ്ടതുമാണെന്നും കാട്ടി കത്ത് നൽകുകയും ചെയ്തു. എന്നാൽ ഉദ്യോഗസ്ഥർ പോയതിന് പിന്നാലെ തന്നെ അവശേഷിച്ച ഭാഗത്തും ജോലികൾ തീർത്തു. സിമന്റിഷ്ടിക ഉപയോഗിച്ച് കെട്ടിയ ശേഷം കോൺക്രീറ്റ് കാൽ നാട്ടി കമ്പി വേലി സ്ഥാപിക്കുകയായിരുന്നു.
പട്ടയ ഭൂമിയെന്ന് വാദം
കാളപ്പെറ്റെന്ന് കേൾക്കുമ്പോൾ ഉദ്യോഗസ്ഥർ കയറെടുക്കുകയാണെന്നും ഭൂമിക്ക് പട്ടയമുണ്ടെന്നുമാണ് എസ്. രജേന്ദ്രൻ പറഞ്ഞു. ഇത് പരിശോധിക്കാൻ പോലും തയ്യാറാകാതെയാണ് വിവാദം സൃഷ്ടിക്കാനായി നടപടി എടുക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സർക്കാർ ഭൂമി: തഹസിൽദാർ
സ്ഥലം സർക്കാർ ഭൂമിയാണെന്ന് ദേവികുളം തഹസിൽദാർ പറഞ്ഞു. ഇത് ബോദ്ധ്യപ്പെട്ടതിനാലാണ് നടപടി സ്വീകരിച്ചത്. സംഭവത്തിൽ വിശദമായ റിപ്പോർട്ട് വില്ലേജ് ഓഫീസറോട് ആവശ്യപ്പെട്ടതായും അവർ വ്യക്തമാക്കി. ഇത് ലഭിച്ച ശേഷം സബ് കളക്ടർക്കും ജില്ലാ കളക്ടർക്കും വിവരം റിപ്പോർട്ട് ചെയ്യും.