തൊടുപുഴ: ഇടുക്കിഎഞ്ചിനീയറിംഗ് കോളേജിലുണ്ടായ ദാരുണ സംഭവത്തെ ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി ശക്തമായി അപലപിക്കുന്നുവെന്നുംഇക്കാര്യം സംബന്ധിച്ച് നീതിപൂർവ്വമായ അന്വേഷണം നടത്തണമെന്ന് കോൺഗ്രസ് നേതാക്കൾ പത്ര സമ്മേളനത്തിൽ ആവശ്യപ്പെട്ടു .
അപ്രതീക്ഷിതമായി സംഭവിച്ച അനിഷ്ട സംഭവത്തെ രാഷ്ട്രീയ നേട്ടത്തിനായി സി. പി. എം ഉപയോഗപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് കോൺഗ്രസ്സിനെയും കെ.പി.സി.സി. പ്രസിഡന്റ് കെ.സുധാകരനേയും ലക്ഷ്യമിട്ടുളള പ്രചാരണങ്ങൾ.
അക്രമരാഷ്ട്രീയത്തെ സംരക്ഷിക്കുവാനോ പ്രോത്സാഹിപ്പിക്കുവാനോ കോൺഗ്രസ്സ് തയ്യാറല്ല. അതേപോലെ തന്നെ സി.പി.എം. ന്റെ താല്പര്യ പ്രകാരം നിരപരാധികളെ കള്ളക്കേസിൽ പ്രതിയാക്കാനുളള നീക്കത്തെ കണ്ടില്ലെന്നു നടിക്കാനും സാദ്ധ്യമല്ല. സംഭവം നടന്നത് പൊലീസിന്റെ സാന്നിദ്ധ്യത്തിലാണ് പൊലീസിന്റെ കൺമുന്നിൽ കുറ്റകൃത്യം നടന്നാൽ സ്വാഭാവികമായും കേസ് രജിസ്റ്റർ ചെയ്യാൻ പൊലീസ് ബാദ്ധ്യസ്ഥരാണ്. അപ്രകാരം ചെയ്യാത്തത് യഥാർത്ഥ പ്രതികളെ രക്ഷിക്കാനും രാഷ്ട്രീയ എതിരാളികളെ കളളകേസിൽ കുടുക്കാനുമാണ്.
കേരളത്തിലെ കലാലയങ്ങളെ സി.പി.എമ്മും എസ്.എഫ്.ഐയും ചേർന്ന് കലാപകലുഷിതമാക്കിയിരിക്കുകയാണ്. ക്യാമ്പസുകളിൽ ഇതരവിദ്യാർത്ഥി സംഘടനകളെ പ്രവർത്തിക്കാനോ തെരഞ്ഞെടുപ്പിൽ മത്സരിക്കുവാനോ അനുവദിക്കാത്ത എസ്.എഫ്.ഐ. യുടെ ധാർഷ്ട്യമാണ് കലാലയങ്ങളെ കലാപ ഭൂമിയാക്കിയത്. അക്രമ രാഷ്ട്രീയം ഒരിക്കലും കോൺഗ്രസ്സിന്റെ ശൈലി അല്ല,.
ജില്ലയിലും സംസ്ഥാനത്തും പാർട്ടി ഓഫീസുകളും പ്രവർത്തകരുടെ വീടുകളും സി.പി.എം. അക്രമത്തിന് ഇരയായികൊണ്ടിരിക്കുകയാണ്. മഹാത്മാഗാന്ധിയുടെ മണ്ഡപം ഉൾപ്പെടെ പാർട്ടി സ്തൂപങ്ങളും കൊടിമരങ്ങളും വ്യാപകമായി നശിപ്പിക്കപ്പെട്ടു.
അപ്രതീക്ഷിതമായി സംഭവിച്ച മരണത്തിന്റെ പേരിൽ നിരപരാധികളായ കെ.എസ്.യു. യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരുടെ വീടുകളിൽ പാതിരാത്രിയിൽ പോലീസ് ഭീകരത അരങ്ങേറുകയാണ്. നിരപരാധികളായ പാർട്ടി പ്രവർത്തകർക്ക് പൂർണ്ണസംരംക്ഷണം ഉറപ്പാക്കുമെന്നും ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി വ്യക്തമാക്കി.
കെ .പി .സി .സി .ജനറൽ സെക്രട്ടറിമാരായ ജോസി സെബാസ്റ്റിയൻ ,അഡ്വ .എസ്.അശോകൻ ,ഡി .സി .സി .പ്രസിഡന്റ് സി .പി .മാത്യു ,അഡ്വ .ഡീൻ കുര്യാക്കോസ് എം .പി ., മുൻ ഡി .സി .സി .പ്രസിഡന്റുമാരായ അഡ്വ .ഇ .എം .ആഗസ്തി ,അഡ്വ .ജോയി തോമസ് ,റോയി .കെ .പൗലോസ് എന്നിവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു .