മൂലമറ്റം: കെ എസ് ഇ ബി യുടെ ഉടമസ്ഥതയിലുള്ള ക്വാർട്ടേഴ്സ് കാടും വള്ളി പടർപ്പും കയറി ജകർണ്ണാവസ്ഥയിലായി.വൈദ്യുതി വകുപ്പ് ജീവനക്കാർ ഉൾപ്പെടെ ജില്ലയിലെ വിവിധ സർക്കാർ വകുപ്പുകളിലെ ജീവനക്കാർ താമസ സൗകര്യം ഇല്ലാതെ ദുരിതമനുഭവിക്കുമ്പോഴാണ് ഇവിടെ ഇത്തരമവസ്ഥ. ഇത്‌ സംബന്ധിച്ച് പ്രദേശവാസികളും ജന പ്രതി നിധികളും ഇവിടെ താമസിക്കുന്നവരുംഅധികൃതരുടെ ശ്രദ്ധയിൽ പ്രശ്നം എത്തിച്ചെങ്കിലും കാര്യങ്ങൾക്ക് പരിഹാരം ആകുന്നില്ല. 400 ൽ പരം കുടുംബങ്ങൾക്ക് താമസിക്കാനുള്ള സൗകര്യം ഇവിടെയുണ്ട്.

മൂലമറ്റം പവർ ഹൗസിന്റെയും ഇടുക്കി പദ്ധതിയുടേയും നിർമ്മാണത്തിന് വേണ്ടി എത്തിയ തൊഴിലാളികൾക്ക് വേണ്ടി സ്ഥാപിച്ച ക്വാർട്ടേഴ്സ് പിന്നീട് ജീവനക്കർക്ക് താമസിക്കാൻ നൽകുകയായിരുന്നു.

50 വർഷത്തിലേറെ പഴക്കമുള്ള കെട്ടിടങ്ങളാണ് ഇവിടെയുള്ളത്. നൂറോളം കെട്ടിടങ്ങളുടെ മേൽക്കൂരയിലും ഭിത്തി ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ കാട് വളർന്നിട്ടുണ്ട്. ജീർണ്ണവസ്ഥയിലുള്ള കെട്ടിടത്തിലേക്ക് മഴ വെള്ളം വീണ് കൂടുതൽ അപകടാവസ്ഥയിലാവുന്നുമുണ്ട്. ചില കെട്ടിടങ്ങൾ കാലപ്പഴക്കത്താൽ എപ്പോൾ വേണമെങ്കിലും നിലം പോത്താവുന്ന അവസ്ഥയിലുമാണ്. ചില കെട്ടിടങ്ങൾക്ക് മീതെ മരങ്ങൾ വീണ് ഒരു വശം പൂർണ്ണമായും തകർന്നിട്ടുമുണ്ട്. കൃത്യ സമയങ്ങളിൽ ഇതിന്റെ നവീകരണം നടത്തിയിരുന്നെങ്കിൽ ഇപ്പോഴത്തെ അവസ്ഥയിൽ എത്തില്ലായിരുന്നു.പകരിങ്കല്ല്, മണ്ണ്, ഷീറ്റ് എന്നിവ ഉപയോഗിച്ചാണ് ഇത്‌ നിർമ്മിച്ചിരിക്കുന്നത്. ഓരോ വർഷവും കെട്ടിടത്തിന്റെ നവീകരണത്തിന് സർക്കാർ ഫണ്ട് അനുവദിക്കാറുണ്ട്. എന്നാൽ അത് കോണ്ട് പ്രശ്നങ്ങൾ പൂർണ്ണമായും പരിഹരിക്കാൻ കഴിയുന്നില്ലന്ന് കെ എസ് ഇ ബി അധികൃതർ പറയുന്നു. കെട്ടിടത്തിന്റെ അപകടവസ്ഥയെ തുടർന്ന് കൂടുതൽ ജീവനക്കാർ ഇവിടെ നിന്ന് മറ്റ് സ്ഥലങ്ങളിലേക്ക് താമസം മാറിയിട്ടുമുണ്ട്. അറക്കുളം പഞ്ചായത്തിന്റെ പതിനൊന്നാം വാർഡിലാണ് ക്വാർട്ടേഴ്സ്.

മരംവീണു, പടർപ്പ് കയറി

കോർട്ടേഴ്സിന്റെ മുകളിൽ മരങ്ങളും ശിഖരങ്ങളും വീണും വള്ളിപ്പടർപ്പുകൾ കയറിയും ഏത് സമയവും നിലംപൊത്താവുന്ന അവസ്ഥയിലാണ്. ആൾ താമസം ഇല്ലാത്തതും ഇടിഞ്ഞു പൊളിഞ്ഞതുമായ കെട്ടിടത്തിൽ പകലും രാത്രിയിലും സാമൂഹ്യ വിരുദ്ധരുടെ ശല്യവും ഉണ്ടാകുന്നുണ്ടെന്ന് പറയുന്നു. ഇത്‌ സംബന്ധിച്ച് പ്രദേശവാസികൾ അധികൃതരെ വിവരം അറിയിച്ചെങ്കിലും പ്രശ്‌നങ്ങൾക്ക് പരിഹാരം ആകുന്നില്ല.