തൊടുപുഴ: അഴുത ബ്ലോക്കിലെ പൊലീസ് സ്റ്റേഷൻ- പരുന്തുംപാറ റോഡിന് 2.43 കോടി രൂപയും നെടുംങ്കണ്ടം ബ്ലോക്കിലെ ഇടമറ്റം ട്രാൻസ്‌ഫോമർ- പടിപച്ചോലിപ്പടി- രാജകുമാരി റോഡിന് 4.31 കോടി രൂപയും കേന്ദ്രസർക്കാർ അംഗീകാരം ലഭിച്ചതായി ഡീൻ കുര്യാക്കോസ് എം.പി അറിയിച്ചു. ഈ റോഡുകളുടെ ടെണ്ടർ നടപടികൾ ആരംഭിച്ചതായും ഇതോടൊപ്പം അനുമതിക്കായി സമർപ്പിച്ചിട്ടുള്ള മറ്റ് രണ്ടു റോഡുകളുടെ കൂടി അനുമതി ഉടൻ ലഭിക്കുമെന്നും എം.പി പറഞ്ഞു. കേന്ദ്ര ഗ്രാമവികസന മന്ത്രാലയവുമായി ബന്ധപ്പെട്ട് ആവശ്യമായ നടപടികൾ സ്വീകരിച്ചു വരുന്നതായും എം.പി പറഞ്ഞു. പി.എം.ജി.എസ്.വൈ, മൂന്നാം പാദത്തിൽ നിബന്ധനകൾ പാലിച്ചുകൊണ്ട് സമർപ്പിച്ച 116.117 കിലോമീറ്റർ റോഡുകളുടെ പദ്ധതി രേഖയിൽ കെ.എസ്.ആർ.ആർ.ഡി.എ അംഗീകാരം നൽകിയ 68.975 കിലോമീറ്റർ നീളം വരുന്ന 10 റോഡുകളിൽ എട്ട് എണ്ണത്തിന് അന്തിമ അനുമതി ലഭിച്ചിട്ടുണ്ട്. 37.5 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. ടെൻഡർ നടപടികൾ പൂർത്തിയായ റോഡുകളുടെ നിർമ്മാണം ഉടൻ ആരംഭിക്കുന്നതാണെന്നും അനുമതി ലഭിക്കാനുള്ള റോഡുകളുടെ കാര്യത്തിൽ നിരന്തര ഇടപെടലുകൾ നടത്തി വരുന്നതായും എം.പി പറഞ്ഞു.