തൊടുപുഴ: ജില്ലാ ക്ഷീരകർഷകസംഗമം തിങ്കളാഴ്ച രാവിലെ 10 മുതൽ ഇടുക്കിബ്ലോക്കിലെ പാണ്ടിപ്പാറ സെന്റ്‌ജോസഫ് പാരിഷ് ഹാളിൽ നടത്തും. സ്വാഗത സമ്മേളനം മിൽമാ ചെയർമാൻ ജോൺ തെരുവത്ത് രാവിലെ 10ന് ഉദ്ഘാടനം ചെയ്യും. അതിനുശേഷം ക്ഷീരകർഷകർക്കായി ബാങ്കുകളുടെ വിവിധ വായ്പാ പദ്ധതികളെക്കുറിച്ച് സെമിനാറും ഡയറി ക്വിസ്സും നടത്തും. ഉച്ചയ്ക്ക് 12 ന് എം. എം. മണി എം. എൽ. എയുടെ അദ്ധ്യക്ഷതയിൽ കൂടുന്ന പൊതുസമ്മേളനവും പാണ്ടിപ്പാറ ക്ഷീരസഹകരണസംഘത്തിന്റെ പുതിയ ഓഫീസ് മന്ദിരത്തിന്റെ ഉദ്ഘാടനവും മന്ത്രി റോഷി അഗസ്റ്റിൻ നിർവ്വഹിക്കും.അഡ്വ. ഡീൻ കുര്യാക്കോസ് എം. പി. മുഖ്യ പ്രഭാഷണം നടത്തും. എം. എൽ. എ. മാരായ പി. ജെ.ജോസഫ്, വാഴൂർസോമൻ, അഡ്വ. എ. രാജാ എന്നിവർ മികച്ച ക്ഷീരകർഷകരെയും ക്ഷീരസഹകരണസംഘം പ്രസിഡന്റായി 25 വർഷം പൂർത്തിയാക്കിയവരെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പും ആദരിക്കും. ക്ഷീരമേഖലയ്ക്ക് വികസന ഫണ്ടിന്റെ കൂടുതൽ വിഹിതം നീക്കിവെച്ചബ്ലോക്ക് പഞ്ചായത്തിനെ ക്ഷീരവികസന ഡയറക്ടർ വി. പി. സുരേഷ്‌കുമാറും ഗ്രാമപഞ്ചായത്തിനെ സി. വി. വർഗീസും ആദരിക്കും.ജില്ലയിൽ ഏറ്റവും കൂടുതൽ പാൽ സംഭരിക്കുന്ന സംഘത്തിനുള്ള അവാർഡ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷാകുമാരിമോഹൻകുമാർ നൽകും. ക്ഷീരമേഖലയിൽ നിന്നും ത്രിതല പഞ്ചായത്തിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ കാർഷിക കടാശ്വാസ കമ്മീഷൻ അംഗം ജോസ് പാലത്തിനാൽ ആദരിക്കും. ജില്ലാ പഞ്ചായത്ത് 2.3കോടി രൂപയും 8ബ്ലോക്ക് പഞ്ചായത്തുകൾ 3കോടിയും ഗ്രാമ പഞ്ചായത്തുകൾ 4കോടിയും മുൻസിപ്പാലിറ്റികൾ 20 ലക്ഷം രൂപയും ഉൾപ്പടെ 9.5കോടി രൂപയാണ് ത്രിതല പഞ്ചായത്ത് ഫണ്ടായി ക്ഷീരകർഷകർക്ക് ഇൻസെന്റീവായി മാത്രം കൊടുക്കുന്നത്. കൂടാതെ, ക്ഷീരവികസന വകുപ്പിന്റെ വിവിധ പദ്ധതികളിലായി ക്ഷീരകർഷകർക്കും ക്ഷീരസഹകരണ സംഘങ്ങൾക്കും 3.2കോടി രൂപ ധനസഹായമായി നൽകുന്നുണ്ടെന്ന് പത്രസമ്മേളനത്തിൽസ്വാഗതസംഘം ചെയർമാൻ സോണി ചൊള്ളാമറ്റം, കൺവീനർ മിനി ജോസഫ്, സണ്ണി ഞള്ളുംപള്ളിയിൽ, പോൾ മാത്യു, കെ. പി. ബേബി, ബെനറ്റ് പാഴിയാക്കൽ, വി. വി. കുഞ്ഞൂട്ടി, എം. എൽ. ജോർജ് എന്നിവർ പറഞ്ഞു.