 
കട്ടപ്പന : മലയോര ഹൈവേകളിലെ വാഹന പരിശോധനയുടെ പരിമിതികൾ മുതലാക്കി നിയമം ലംഘിക്കുന്നവർ ജാഗ്രതൈ.റോഡ് നിയമങ്ങൾ മറികടന്ന് വാഹനമോടിക്കുന്നവരെ ഇനി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കാമറകൾ പിടികൂടും. റോഡപകടങ്ങളും,നിയമ ലംഘനങ്ങളും കുറയ്ക്കാൻ ഇടുക്കിയിൽ 72 ഓളം അത്യാധുനിക കാമറകളാണ് ഗതാഗത വകുപ്പ് സ്ഥാപിക്കുന്നത്. തുടക്കത്തിൽ നിർദ്ദിഷ്ട മലയോര ഹൈവേയുടെ ഭാഗമായ കാഞ്ചിയാറ്റിൽ കാമറ സ്ഥാപിച്ചു.മോട്ടോർ വാഹന വകുപ്പ് ആവിഷ്‌ക്കരിച്ച സേഫ് കേരള പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ പ്രധാന റോഡുകളിൽ 726 ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറയാണ് ഗതാഗത വകുപ്പ് കെൽട്രോണിന്റെ സഹകരണത്തോടെ സ്ഥാപിക്കുന്നത്.ഫെബ്രുവരി അവസാനത്തോടെ ഇടുക്കിയിലെ പ്രധാന റോഡുകളിലെല്ലാം കാമറകൾ പ്രവർത്തന സജ്ജമാക്കും
• പിഴ തപാൽ വഴി എത്തും
ഹെൽമെറ്റ് വയ്ക്കാതെ ചീറിപ്പായുന്ന ബൈക്കുകൾ, സീറ്റ് ബെൽറ്റില്ലാതെ വാഹനമോടിക്കുന്നവർ,അമിത വേഗതയിൽ വാഹനമോടിക്കുന്നവർ കൃത്യമായ നമ്പർ പ്ലേറ്റില്ലാത്ത വാഹനങ്ങൾ തുടങ്ങിയവയെല്ലാം കാമറയിൽ കുടുങ്ങും. ഇത്തരം വാഹനങ്ങളുടെ ചിത്രങ്ങൾ പകർത്തി മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് വിഭാഗത്തിന്റെ തിരുവനന്തപുരത്തെ സെൻട്രൽ സെർവ്വർ കൺട്രോൾ റൂമിൽ സൂക്ഷിക്കും.തുടർന്ന് ജില്ലാ കൺട്രോൾ റൂമിലേയ്ക്ക് കൈമാറും. ഇവിടെ നിന്നാണ് നിയമ ലംഘനം നടത്തിയ വാഹന ഉടമകൾക്ക് ചിത്രം, തിയതി, സമയം, സ്ഥലം, കുറ്റകൃത്യം എന്നിവ ഉൾപ്പെട്ട നോട്ടീസ് തപാൽ വഴിയും, എസ് എം എസ് മുഖേനെയും നൽകുക. ഇടുക്കിയിൽ തൊടുപുഴയിലാണ് മോട്ടോർ വാഹന വകുപ്പിന്റെ കൺട്രോൾ റൂം തയ്യാറാക്കിയിരിക്കുന്നത്.
• മൂന്ന് തരം കാമറകൾ
മൂന്ന് തരം ക്യാമറകളാണ് കെൽട്രോൺ സേഫ് കേരള പദ്ധതിയ്ക്കായി നിർമ്മിച്ചിരിക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറകൾ, റെഡ് ലൈറ്റ് വയലേഷൻ, സ്പീഡ് വയലേഷൻ കാമറകൾ എന്നിവയാണ് തയ്യാറാക്കിയിരിക്കുന്നത്. ഇവയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറകളാണ് ഇടുക്കിയിൽ കൂടുതലായി ഉപയോഗിക്കുക. കേബിളിന് പകരം റഡാർ സംവിധാനത്തിലായിരിക്കും ഇവ പ്രവർത്തിക്കുക.നിർമ്മാണത്തിന് പുറമേ അഞ്ച് വർഷത്തെ മെയിന്റനൻസും കെൽട്രോൺ നിർവ്വഹിക്കും