 
പെരുവന്താനം: മാറ്റിവെച്ച വൃക്ക ഉൾപ്പെടെ ഇരുവൃക്കകളും തകരാറിലായ ഓട്ടോറിക്ഷ തൊഴിലാളിയായ 39 കാരൻ ചികിത്സാ സഹായം തേടുന്നു. ജില്ലയിൽ പെരുവന്താനം പഞ്ചായത്തിൽ തെക്കേമല കളമുണ്ടയിൽ സിനോമോൻ തോമസാണ് സുമനസുകളുടെ സഹായം തേടുന്നത്. 2007ൽ ഇരു വൃക്കകളും തകരാറിലായതോടെ നാട്ടുകാരായ സുമനസുകളുടെ സഹായത്തോടെ പിതാവിന്റെ വൃക്ക സ്വീകരിച്ച് രോഗം സുഖംപ്രാപിച്ച് വരികയായിരുന്നു. എന്നാൽ 2017ൽ മാറ്റിവെച്ച വൃക്ക വീണ്ടും തകരാറിലായതോടെയാണ് കുടുംബം വീണ്ടും പ്രതിസന്ധിയിലായത്. കൂലി പണിയെടുത്ത് കുടുംബം പോറ്റിയിരുന്ന പിതാവ് 2011ൽ ക്യാൻസർ രോഗബാധിതനായി മരണപ്പെട്ടതോടെ മാനസിക വെല്ലുവിളി നേരിടുന്ന രണ്ട് സഹോദരങ്ങളെയും വ്യദ്ധയായ മാതാവിനെയും സംരക്ഷിക്കേണ്ട ചുമതല കൂടി സിനോയിലായിരുന്നു. നാലു വർഷമായി ആഴ്ചയിൽ മൂന്നു ഡയാലിസിസ് ചെയ്താണ് ജീവൻ നിലനിറുത്തുന്നത്. ആഴ്ചയിൽ അയ്യായിരത്തോളം രൂപ ചിലവുണ്ട്. നാട്ടുകാരാണ് സഹായിക്കുന്നത്. വൃക്ക മാറ്റിവയ്ക്കലാണ് ഇതിന് ശാശ്വത പരിഹാരം. വൃക്ക ദാനം ചെയ്യാൻ ഒരാൾ തയ്യാറായിട്ടുണ്ട്. മാറ്റിവയ്ക്കലും തുടർ ചികിത്സയ്ക്കുമായി ഏകദേശം 35 ലക്ഷം രൂപ ചെലവ് വരും. ഇതിനായി സുമനസുകളുടെ സഹായം തേടുകയാണ് കുടുംബം. പെരുവന്താനം പഞ്ചായത്ത് അംഗങ്ങളായ ഷാജി പുല്ലാട്ട്, എബിൻ കുഴിവേലിമറ്റം, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷാജി ഒഴുക്കോട്ടയിൽ, സി.പി.എം ലോക്കൽ സെക്രട്ടറി സജി കല്ലമാരുകുന്നേൽ മാദ്ധ്യമ പ്രവർത്തകൻ വിപിൻ അറയ്ക്കൽ എന്നിവർ അംഗങ്ങളായുള്ള ചികിത്സാ സഹായ സമിതി രൂപീകരിച്ചിട്ടുണ്ട്. സൗത്ത് ഇന്ത്യൻ ബാങ്കിൽ പഞ്ചായത്തംഗം എബിൻ വർക്കിയും സിനോമോൻ തോമസിന്റെയും പേരിൽ ജോയിന്റ് അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പർ- 0640053000006131. ഐ.എഫ്.എസ്.സി കോഡ്- SIBL0000640.