obit-sumesh

നെടുങ്കണ്ടം: കെട്ടിടത്തിന്റെ മൂന്നാം നിലയിലെ പടിക്കെട്ടിൽ നിന്നും കാൽവഴുതി തഴേക്ക് വീണ് യുവാവ് മരിച്ചു. നെടുങ്കണ്ടം മുല്ലവേലിൽ എം.എസ്.സുമേഷ് (41) ആണ് മരിച്ചത്. ഐ.എൻ.ടി.യു.സി.ഇടുക്കി ജില്ലാ സെക്രട്ടറിയും നെടുങ്കണ്ടം അർബൻ കോഓപ്പറേറ്റീവ് സൊസൈറ്റിയുടെ ആംബുലൻസ് ഡ്രൈവറുമായിരുന്നു. സംഭവത്തിൽ നെടുങ്കണ്ടം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി.
വ്യാഴാഴ്ച രാത്രി പത്തരയോടെ നെടുങ്കണ്ടം അർബൻ കോഓപ്പറേറ്റീവ് ബാങ്കിന് എതിർവശത്തെ ലോഡ്ജിലാണ് സംഭവം. അർബൻ കോഓപ്പറേറ്റീവ് സൊസൈറ്റിയിലെ ജീവനക്കാരുടെ സംഘത്തിന് ലോഡ്ജിന്റെ മൂന്നാം നിലയിൽ സ്ഥിരമായി ഒരു മുറിയുണ്ട്. ഈ മുറിയിൽ രാത്രി 9.30 മുതൽ സുമേഷും സുഹൃത്തുക്കളും ഉണ്ടായിരുന്നു. 10.25ഓടെ സുഹൃത്തുക്കൾക്ക് പിന്നാലെ ഇറങ്ങിയ സുമേഷ് മുറി പൂട്ടി തക്കോൽ അതേ നിലയിൽ തന്നെ താമസിക്കുന്ന വ്യക്തിയെ ഏൽപ്പിച്ചു. ശേഷം ഫോണിൽ സംസാരിച്ചുകൊണ്ട് പടിക്കെട്ട് ഇറങ്ങുമ്പോഴാണ് അപകടമുണ്ടായത്.
പടിയിൽ കാൽവഴുതി മുന്നോട്ട് ആഞ്ഞപ്പോൾ പടിക്കെട്ടിന്റെ അരമതിലിൽ ഇടിച്ച് പടിക്കെട്ടിന്റെ ഇടയിലുള്ള ഭാഗത്തുകൂടി താഴത്തെ നിലയിലേക്ക് വീഴുകയായിരുന്നെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. പടിക്കെട്ടിന്റെ അരമതിലി പൊക്കം കുറവായിരുന്നതാണ് അപകടത്തിന് കാരണമായത്. വീഴ്ചയിൽ തലയുടെ പുറകിലേറ്റ ക്ഷതമാണ് മരണകാരണമായതെന്ന് പൊലീസ് അറിയിച്ചു. ശബ്ദംകേട്ട് ഓടിയെത്തിയ സുഹൃത്തുക്കൾ ഉടൻതന്നെ നടുങ്കണ്ടം താലൂക്കാശുപത്രിയിലും തുടർന്ന് കല്ലാറിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സുമേഷിന്റെ മരണത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി നെടുങ്കണ്ടം സി.ഐ.അറിയിച്ചു. പ്രാഥമിക അന്വേഷണത്തിലും പോസ്റ്റുമോർട്ടത്തിലും മറ്റ് അസ്വാഭാവികതകളൊന്നും കണ്ടെത്താനായിട്ടില്ല.