 
കട്ടപ്പന: 11 ലക്ഷം രൂപയ്ക്ക് മുകളിൽ വൈദ്യുത ബിൽ കുടിശ്ശികയായതിനെ തുടർന്ന് കല്ലുകുന്ന് കുടിവെള്ള പദ്ധതിയുടെ പമ്പ് ഹൗസിലേയ്ക്കുള്ള വൈദ്യുതി കണക്ഷൻ കെ.എസ്.ഇ.ബി വിച്ഛേദിച്ചു. പിന്നീട് മന്ത്രി റോഷി അഗസ്റ്റിന്റെ ഓഫീസ് ഇടപെട്ട് വൈകിട്ടോടെ വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു. ഉടനെ തന്നെ കുടിശ്ശിക തുക അടച്ച് തീർത്തുകൊള്ളാമെന്ന് വൈദ്യുത വകുപ്പിലെ ഉന്നത ഉദ്യാഗസ്ഥർക്ക് ലഭിച്ച ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഏകദേശം നാല് മണിക്കൂറോളമാണ് വൈദ്യുതി വിച്ഛേദിച്ചതിനെ തുടർന്ന് പമ്പ് ഹൗസിന്റെ പ്രവർത്തനം നിലച്ചത്. മൂന്ന് മാസത്തിനിടയിൽ ഇത് രണ്ടാം തവണയാണ് കുടിശ്ശിക അടയ്ക്കാത്തതിനെ തുടർന്ന് കെ.എസ്.ഇ.ബി കുടിവെള്ള പദ്ധതിയുടെ കണക്ഷൻ വിച്ഛേദിക്കുന്നത്. 2019 മുതലുള്ള മൂന്ന് വർഷത്തെ കുടിശ്ശിക ഇപ്പോൾ ഭീമൻ തുകയായി മാറിയതാണ് കെ.എസ്.ഇ.ബിയെയും കണക്ഷൻ വിച്ഛേദിക്കാൻ പ്രേരിപ്പിച്ചത്. പദ്ധതിയുടെ ഉടമസ്ഥാവകാശത്തെ ചൊല്ലി കട്ടപ്പന നഗരസഭയും ജല അതോറിട്ടിയും തമ്മിൽ നിലനിൽക്കുന്ന തർക്കമാണ് പ്രശ്‌നങ്ങൾക്ക് കാരണം. ഉടമസ്ഥാവകാശം നഗരസഭയ്ക്കാണെങ്കിലും ഗുണഭോക്താക്കളിൽ നിന്ന് പണം പിരിക്കുന്നതും മോട്ടോറിന്റെയും പൈപ്പ് ലൈനുകളുടെയും അറ്റകുറ്റപ്പണികൾ നടത്തിവരുന്നതും ജലഅതോറിട്ടിയാണ്. ഒപ്പം വൈദ്യുത ബിൽ നഗരസഭയാണ് അടച്ച് പോന്നിരുന്നത്. പിന്നീട് 2018ൽ വൈദ്യുതി ബിൽ അടയ്ക്കുന്നതിലെ നിയമപരമായ തടസം നഗരസഭ വാട്ടർ അതോറിട്ടിയെ അറിയിച്ചതോടെയാണ് നിലവിലെ പ്രതിസന്ധി ഉടലെടുത്തത്. ശുദ്ധജല പദ്ധതിയുടെ ഗുണഭോക്തൃ വിഹിതം കൈപ്പറ്റുന്നത് ജലഅതോറിട്ടിയാണെന്നും അതിനാൽ വൈദ്യുതി ബിൽ അടയ്ക്കാനാകില്ലെന്നുമാണ് നഗരസഭാ അദ്ധ്യക്ഷ ബീനാ ജോബി പറയുന്നത്. അതേ സമയം ഉടമസ്ഥാവകാശം നഗരസഭയ്ക്കാണെന്നും കുടിശ്ശിക തുക അടയ്‌ക്കേണ്ടത് നഗരസഭയാണെന്നുമാണ് വാട്ടർ അതോറിട്ടി ഉദ്യോഗസ്ഥരുടെ വാദം. വീണ്ടും വൈദ്യുതി വിച്ഛേദിച്ച സാഹചര്യമുണ്ടായതോടെ ഗുണഭോക്താക്കളും പ്രതിഷേധത്തിലാണ്. പദ്ധതിയുടെ ഉടമസ്ഥാവകാശം വിട്ടു നൽകാൻ നഗരസഭ തയ്യാറാണെന്ന് ജല അതോറിട്ടിയെ അറിയിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോഴത്തെ ഭീമമായ കുടിശ്ശിക ഒരു കാരണവശാലും അടയ്ക്കാൻ കഴിയില്ലെന്ന നിലപാടിലുറച്ചാണ് ഇരു വിഭാഗവും.
നൂറുകണക്കിന് കുടുംബങ്ങളുടെ ആശ്രയം
320 കണക്ഷനുകളുള്ള പദ്ധതി കുടിവെള്ള പ്രശ്‌നം രൂക്ഷമാകാറുള്ള 8, 9, 28 വാർഡുകളിലായിട്ടാണ് വ്യാപിച്ചു കിടക്കുന്നത്. 1990 കാലഘട്ടത്തിൽ കട്ടപ്പന ഗ്രാമ പഞ്ചായത്താണ് കല്ലുകുന്ന് കുടിവെള്ള പദ്ധതി ആവിഷ്‌കരിച്ചത്. വലിയ കണ്ടത്ത് കുഴൽക്കിണർ നിർമ്മിച്ച് കല്ലുകുന്നിലുള്ള ഒരു ലക്ഷം ലിറ്റർ ശേഷിയുള്ള ടാങ്കിലേയ്ക്ക് വെള്ളം പമ്പ് ചെയ്താണ് വിതരണം. മൂന്ന് വാർഡുകളിലായി ഏഴോളം പൊതുടാപ്പുകളുമുണ്ട്.