തൊടുപുഴ: ഇന്നലെ നറുക്കെടുപ്പു നടന്ന സംസ്ഥാന ഭാഗ്യക്കുറിയുടെ ഒരേ സീരീസിലും നമ്പരിലുമുള്ള രണ്ടു ടിക്കറ്റുകൾ ലഭിച്ചതായി പരാതി. കരിങ്കുന്നത്തെ ലോട്ടറി ഏജൻസിയിൽ നിന്നും കഴിഞ്ഞ ദിവസം ടിക്കറ്റ് വാങ്ങിയ ആൾക്കാണ് നിർമൽ ഭാഗ്യക്കുറിയുടെ ഒരേ പോലെയുള്ള രണ്ടു ടിക്കറ്റുകൾ ലഭിച്ചത്. എൻ.വൈ 210992 നമ്പരിലുള്ള ടിക്കറ്റാണ് ഏജൻസിയിൽ നിന്നും വിൽപ്പന നടത്തിയത്. പതിവായി ഒന്നിൽകൂടുതൽ ലോട്ടറി ടിക്കറ്റുകൾ വാങ്ങുന്നയാൾക്കാണ് ഇതു ലഭിച്ചത്. രണ്ടു ടിക്കറ്റിനും ഒരേ നമ്പരും സീരീസും കണ്ടതോടെ ഇദ്ദേഹം ടിക്കറ്റുകൾ ലോട്ടറി ഏജൻസിയിൽ തിരികെ ഏൽപ്പിച്ചു. ലോട്ടറികൾ തമ്മിൽ ഒരു വ്യത്യാസവുമില്ല. ലോട്ടറി അച്ചടിയിൽ വന്ന സാങ്കേതിക പിഴവാകാനാണ് സാദ്ധ്യതയെന്ന് ജില്ലാ ലോട്ടറി ഓഫീസർ ലിസിയമ്മ ജോർജ് അറിയിച്ചു.