ചെറുതോണി: രക്തദാഹിയായ കോൺഗ്രസ് നേതാവ് കെ. സുധാകരൻ കേരളത്തിൽ നടപ്പാക്കുന്ന കൊലപാതക രാഷ്ട്രീയത്തിനെതിരെ ജില്ലയിലാകെ ജാഗ്രതാ സദസുകൾ സംഘടിപ്പിക്കാനൊരുങ്ങി സി.പി.എം. കെ. സുധാകരന്റെ ജില്ലയിലെ പതിപ്പായ ഡി.സി.സി പ്രസിഡന്റ് സി.പി മാത്യുവാണ് ആസൂത്രണവും ആയുധ പരിശീലനവും നൽകി യൂത്ത് കോൺഗ്രസ്- കെ.എസ്.യു നേതാക്കളെ രാഷ്ട്രീയ കൊലപാതകത്തിനായി ഉപയോഗിക്കുന്നതെന്ന് സി.പി.എം ജില്ലാ സെക്രട്ടറി സി.വി. വർഗീസ് പറഞ്ഞു. സ്ത്രീകളെയും വിദ്യാർത്ഥികളെയും ബഹുജനങ്ങളെയും അണിനിരത്തിയാണ് ജാഗ്രതാ സദസുകൾ സംഘടിപ്പിക്കുന്നത്. ഗ്രാമതലങ്ങളിൽ ജാഗ്രതാ സമിതികൾ രൂപീകരിക്കും. ധീരജിന്റെ കൊലപാതകത്തിൽ പങ്കെടുത്തവർ താമസിക്കുന്ന പ്രദേശങ്ങൾ കേന്ദ്രീകരിച്ച് വലിയ ജനപങ്കാളിത്വത്തോടെയുള്ള സദസുകളാണ് സംഘടിപ്പിക്കുന്നത്. ജില്ലയുടെ വിവിധ കേന്ദ്രങ്ങളിൽ നിന്ന് തിരഞ്ഞെടുത്തവരെ ആയുധപരിശീലനം നൽകിയാണ് എൻജിനിയറിംഗ് കോളേജിൽ കൊലനടത്താൻ പറഞ്ഞയച്ചത്. ഇതുവരെ അറസ്റ്റിലായവർ കട്ടപ്പന, കമ്പിളികണ്ടം, ചേലച്ചുവട്, വെള്ളയാംകുടി എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്. രണ്ടുപേർ വാഴത്തോപ്പിൽ നിന്നുള്ളവരും. കൊലപാതകത്തിനു പിന്നിലെ ആസൂത്രണമാണിത് വ്യക്തമാക്കുന്നത്. കൊലപാതകത്തിന് പിന്നിലെ ആസൂത്രണത്തിന്റെയും ഗൂഢാലോചനയുടെയും കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവരും. ഇടുക്കിയിൽ കലാപത്തിന് തയ്യാറായി നിൽക്കുന്ന കോൺഗ്രസിന്റെ അരുംകൊല രാഷ്ട്രീയത്തിനെതിരെ അതിബഹൃത്തായ ജനകീയ പ്രതിക്ഷേധം ഉയർന്നുവരണമെന്നും സി.വി. വർഗീസ് പറഞ്ഞു.