ഇടുക്കി: കൊവിഡിന്റെ വകഭേദമായ ഒമിക്രോൺ വേഗത്തിൽ പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ ജില്ലയിലും കർശന നിയന്ത്രണങ്ങളേർപ്പെടുത്തി. കൊവിഡുമായി ബന്ധപ്പെട്ട ഡാറ്റ കൊവിഡ് ജാഗ്രതാ പോർട്ടലിലൂടെ പൊലീസ്, തദ്ദേശസ്വയംഭരണം, റവന്യു തുടങ്ങി കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന വകുപ്പുകൾക്ക് ലഭ്യമാക്കാൻ ആരോഗ്യവകുപ്പ് നടപടികൾ സ്വീകരിക്കും. കൊവിഡ് ക്ലസ്റ്ററുകൾ കണ്ടെത്തി അത്തരം സ്ഥലങ്ങളിൽ ആവശ്യമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. എല്ലാ സർക്കാർ, അർദ്ധ സർക്കാർ, സഹകരണ, പൊതുമേഖലാ, സ്വയംഭരണ സ്ഥാപനങ്ങളിലും നടത്തുന്ന യോഗങ്ങളും പരിപാടികളും ചടങ്ങുകളും ഓൺലൈനാക്കണം. മൂന്ന് ദിവസത്തെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20ൽ കൂടുതലാണെങ്കിൽ എല്ലാത്തരം സാമൂഹ്യ രാഷ്ട്രീയ, സാംസ്‌കാരിക, സാമുദായിക പൊതുപരിപാടികൾക്കും വിവാഹം, മരണാനന്തര ചടങ്ങുകൾ എന്നിവയുടേത് പോലെ 50 പേരായി പരിമിതപ്പെടുത്തുന്നത് ജില്ലയിലും നടപ്പാക്കും. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30ൽ കൂടുതൽ വന്നാൽ പൊതുപരിപാടികൾ നടത്താൻ അനുവദിക്കില്ല. എല്ലാ കടകളും ഓൺലൈൻ ബുക്കിങ്ങും വിൽപ്പനയും പ്രോത്സാഹിപ്പിക്കണം. മാളുകളിൽ ജനത്തിരക്ക് ഉണ്ടാകാത്ത രീതിയിൽ 25 സ്‌ക്വയർ ഫീറ്റിൽ ഒരാളെന്ന നിലയിൽ നിശ്ചയിക്കേണ്ടതും അതനുസരിച്ചു മാത്രം ആളുകളെ പ്രവേശിപ്പിക്കേണ്ടതുമാണ്.

കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയിൽ നിലവിലുള്ള നിയന്ത്രണങ്ങൾക്ക് പുറമെ ഈ നിയന്ത്രണങ്ങൾ കൂടി ഏർപ്പെടുത്തിയതായി ജില്ലാ ദുരന്തനിവാരണ അതോറിട്ടി ചെയർപേഴ്‌സൺ കൂടിയായ ജില്ലാ കളക്ടർ അറിയിച്ചു.