കട്ടപ്പന: കഞ്ചാവ് വിൽപ്പന ചോദ്യം ചെയ്തതിന് യുവാവിനും ഭാര്യയ്ക്കും മകൾക്കും മർദ്ദനമേറ്റതായി പരാതി. കട്ടപ്പന ശാന്തിപ്പടി സ്വദേശി കറുകയിൽ അജിമോൻ (40),​ ഭാര്യ സന്ധ്യ അജി (37) ഇവരുടെ 11 വയസുള്ള മകൾ എന്നിവരെയാണ് ബുധനാഴ്ച രാത്രിയിൽ അയൽവാസിയായ യുവാവ് വീട്ടിൽ കയറി അക്രമിച്ചത്. മാതാപിതാക്കളും പെൺകുട്ടിയും കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. അജിയുടെ വീടിന് സമീപത്തെ ഇടവഴിയിൽ ആക്രമണം നടത്തിയ യുവാവ് കഞ്ചാവ് ഉൾപ്പടെയുള്ള ലഹരി വസ്തുക്കൾ വിൽക്കുന്നത് ചോദ്യം ചെയ്തതിനാണ് മർദ്ദിച്ചതെന്നാണ് ഇവരുടെ ആരോപണം. യുവാവിന്റെ പിതൃ സഹോദരനുമായി അജി മുമ്പ് സാമ്പത്തിക ഇടപാട് നടത്തിയിരുന്നു. ഇതിന് ശേഷം പല തവണ യുവാവും ഇയാളുടെ പിതൃ സഹോദരനും ചേർന്ന് തന്നെ ഭീഷണിപ്പെടുത്തിയിരുന്നെന്നും അജി പറഞ്ഞു. മർദ്ദിച്ചെന്ന് ആരോപിക്കപ്പെടുന്ന യുവാവും സുഹൃത്തുക്കളും ലഹരിയും മദ്യവും ഉപയോഗിച്ച് നിരന്തരമായി പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കാറുണ്ടെന്നും കുടുംബം പറഞ്ഞു. സംഭവത്തിൽ കട്ടപ്പന പൊലീസ് അന്വേഷണം നടത്തി വരികയാണ്.