തൊടുപുഴ: എം.ജി. സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. ഡോ. സാബു തോമസ് തിങ്കളാഴ്ച നാടുകാണി ട്രൈബൽ ആർട്‌സ് ആൻഡ് സയൻസ് കോളേജ് സന്ദർശിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കോളേജിലെ വിവിധ ഉന്നത വിദ്യാഭ്യാസ പദ്ധതികളുടെയും എൻ.എസ്.എസ് യൂണിറ്റിന്റെയും കോളേജ് വെബ്‌സൈറ്റിന്റെയും ഉദ്ഘാടനം അദ്ദേഹം നിർവഹിക്കും. ഐക്യ മലഅരയ മഹാസഭയുടെ വിദ്യാഭ്യാസ ഏജൻസിയായ മലഅരയ എഡ്യൂക്കേഷണൽ ട്രസ്റ്റിന് കീഴിലുള്ള കോളേജാണിത്. ബി.എ ഇക്കണോമിക്‌സ്, ബി.എസ്.സി ഫുഡ് സയൻസ് ആൻഡ് ക്വാളിറ്റി കൺട്രോൾ എന്നീ എയിഡഡ് കോഴ്‌സുകളുണ്ട്. വി.സിയുടെ സന്ദർശനം ജില്ലയുടെ ഉന്നത വിദ്യാഭ്യാസ പുരോഗതിക്ക് ഊർജം പകരുമെന്ന് ഭാരവാഹികൾ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ ഐക്യ മലഅരയ മഹാസഭ സംസ്ഥാന പ്രസിഡന്റ് സി.ആർ. ദിലീപ് കുമാർ, ജില്ലാ പ്രസിഡന്റ് പി.കെ. ഉണ്ണി, സെക്രട്ടറി എം.കെ. സജി, കോളേജ് പ്രിൻസിപ്പൽ ഡോ. സി.കെ. സ്മിത, വനിതാ സംഘടന സംസ്ഥാന പ്രസിഡന്റ് കവിതാരാജൻ എന്നിവർ സംസാരിച്ചു.