തൊടുപുഴ: തടിലോറി മറിഞ്ഞതിനെ തുടർന്ന് റോഡിലൊഴുകിയ ഡീസൽ രാത്രിയിൽ തന്നെ നീക്കി അറക്കപ്പൊടി നിരത്തി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ. തൊടുപുഴ- പാലാ റോഡിൽ മഞ്ഞക്കടമ്പിന് സമീപത്തെ വളവിൽ വെള്ളിയാഴ്ച രാത്രി പന്ത്രണ്ടരയോടെയായിരുന്നു സംഭവം. ശബരിമല മകരവിളക്കിനോടനുബന്ധിച്ച് ഈ റൂട്ടിൽ സേഫ് കേരള പദ്ധതി പ്രകാരം പട്രോളിംഗ് നടത്തുന്നതിനിടെയാണ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ലോറി മറിഞ്ഞു കിടക്കുന്നത് കണ്ടത്. അന്വേഷിച്ചപ്പോൾ ലോറി ഡ്രൈവറെ നാട്ടുകാർ ആശുപത്രിയിലേക്ക് കൊണ്ടു പോയെന്നറിഞ്ഞു. പാലായിൽ നിന്ന് പെരുമ്പാവൂരിന് പോയ തടിലോറിയാണ് അപകടത്തിൽപ്പെട്ടത്. ഇതിനിടെ റോഡിൽ ഡീസൽ പരന്നതായി കണ്ടു. ഉടൻ ഫയർഫോഴ്‌സിനെ വിവരമറിയിച്ചു. ഇവരെത്തി റോഡിൽ വെള്ളം പമ്പ് ചെയ്ത് ഡീസൽ ഒഴുക്കിക്കളയാൽ ശ്രമിച്ചെങ്കിലും ഡീസലിന്റെ അംശം പൂർണമായും നീക്കാൻ കഴിഞ്ഞില്ല. റോഡിൽ മണ്ണു വിതറിയെങ്കിലും ഇതും കാര്യമായി ഫലം ചെയ്തില്ല. ഇതോടെ എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർ തൊടുപുഴയിലെ തടിമില്ലിലെത്തി അറക്കപ്പൊടി ചാക്കിൽ കയറ്റി എത്തിച്ച് റോഡിൽ വിതറുകയായിരുന്നു. എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ പി.എ. നസീർ, എം.വി.ഐ വി.എ. അബ്ദുൾ ജലീൽ, എ.എം.വി.ഐമാരായ പി.ആർ. രാംദേവ്, പി.ജെ. അജയൻ എന്നിവരാണ് പ്രദേശവാസികളായ ഷിബു, അനൂപ് എന്നിവരുടെ സഹായത്തോടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. പത്തോളം ചാക്കുകളിൽ അറക്കപ്പൊടിയെത്തിച്ച് നിരത്തിയതോടെ റോഡിലെ ഡീസലിന്റെ അംശം നീക്കാൻ കഴിഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ അയ്യപ്പഭക്തരുടെ വാഹനങ്ങൾ ഉൾപ്പെടെ വാഹനങ്ങളുടെ വലിയ തിരക്കായിരുന്നു ഈ റോഡിൽ അനുഭവപ്പെട്ടത്.