ഇടുക്കി: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുതലായതിനാൽ ജില്ലയിലെ എല്ലാ മത, സാമൂഹ്യ, രാഷ്ട്രീയ, സാംസ്‌കാരിക, സാമുദായിക പൊതുപരിപാടികൾക്കും പങ്കെടുക്കാവുന്ന പരമാവധി ആളുകളുടെ എണ്ണം 50 ആയി നിജപ്പെടുത്തി. മൂന്ന് ദിവസത്തെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20ൽ കൂടുതലായതിനാണ് നിയന്ത്രണം. 25.30, 21.67, 17.96 എന്നിങ്ങനെയാണ് ജില്ലയിലെ കഴിഞ്ഞ മൂന്ന് ദിവസത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ശരാശരി ടി.പി.ആർ 21.64 ശതമാനമാണ്. ടി.പി.ആർ 30 ൽ കൂടുതൽ വന്നാൽ പൊതുപരിപാടികൾ നടത്താൻ അനുവദിക്കില്ല. വിവാഹം, മരണാനന്തര ചടങ്ങുകൾക്ക് നേരത്തെ മുതൽ 50 പേരാക്കിയിട്ടുണ്ട്.
രോഗനിരക്ക് കൂടിയ മൂന്നാർ പഞ്ചായത്തിലെ 19-ാം വാർഡിൽ ഇന്ന് മുതൽ കർശന ലോക്ക് ഡൗൺ ഏർപ്പെടുത്തി. മൂന്നാർ ടൗൺ ഉൾപ്പെടുന്ന വാർഡാണ് 19. പ്രതിവാര ഇൻഫെക്ഷൻ പോപ്പലേഷൻ റേഷ്യോ (ഡബ്ല്യു.ഐ.പി.ആർ) 10 ൽ കൂടിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാർഡുകളിലാണ് നിയയന്ത്രണമേർപ്പെടുത്തുന്നത്. കഴിഞ്ഞ ഒരാഴ്ചയിലെ മൂന്നാർ പഞ്ചായത്തിലെ 19-ാം വാർഡിലെ ഡബ്ല്യു.ഐ.പി.ആർ 12.79 ആണ്. വാർഡിൽ അവശ്യ സർവ്വീസുകളായ സർക്കാർ ഓഫീസുകൾക്ക് തുറന്ന് പ്രവർത്തിക്കാം. ഭക്ഷ്യ വസ്തുക്കൾ, പലചരക്ക്, പഴം, പച്ചക്കറി, പാലും പാലുത്പന്നങ്ങളും, കള്ള്, മാംസം, മത്സ്യം എന്നിവ വിൽപ്പന നടത്തുന്ന കടകൾക്ക് രാവിലെ ഏഴ് മുതൽ രാത്രി ഏഴ് വരെ തുറന്ന് പ്രവർത്തിക്കാം. റെസ്റ്റോറന്റുകൾ, ബേക്കറികൾ എന്നിവയ്ക്ക് ഹോം ഡെലിവറി/ പാഴ്‌സൽ സർവീസിന് മാത്രമായി രാവിലെ ഏഴ് മുതൽ രാത്രി ഏഴ് വരെ തുറന്ന് പ്രവർത്തിക്കാം. ദീർഘദൂര ബസ് സർവ്വീസുകൾക്ക് പ്രവർത്തനാനുമതി ഉണ്ടാകും. കൊവിഡ് ജാഗ്രതാ പോർട്ടലിൽ വിവാഹം, ഗൃഹപ്രവേശം എന്നിവയ്ക്കായി രജിസ്റ്റർ ചെയ്തിട്ടുള്ളവർക്ക് മാനദണ്ഡങ്ങൾ പാലിച്ച് ചടങ്ങുകൾ സംഘടിപ്പിക്കാം.