കരിമണ്ണൂർ: ഒന്നാമത് ജില്ലാ ഒളിമ്പിക് ഗെയിംസ് 2022ന്റെ ഭാഗമായി ബോക്‌സിങ് മത്സരങ്ങളിൽ കരിമണ്ണൂർ കരാട്ടെ ക്ലബ് ഓവറോൾ ചാമ്പ്യൻമാരായി. കരിമണ്ണൂർ മാസ് ഓഡിറ്റോറിത്തിൽ നടന്ന മത്സരങ്ങൾ തൊടുപുഴ മുൻസിപ്പൽ ചെയർമാൻ സനീഷ് ജോർജ് ഉദ്ഘാടനം ചെയ്തു. ജില്ലാ ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി എം.എസ്. പവനൻ അദ്ധ്യക്ഷത വഹിച്ചു. കരിമണ്ണൂർ പൊലീസ് സബ് ഇൻസ്‌പെക്ടർ ഹാശിം കെ.എച്ച് മുഖ്യപ്രഭാഷണം നടത്തി. ഒളിമ്പിക് ഗെയിംസ് ഓബ്‌സെർവർ ഷൈജൻ സ്റ്റീഫൻ, സ്‌പോർട്‌സ് ആയുർവേദ തൊടുപുഴ ഡോ. അനുപ്രിയ, ജില്ലാ ഒളിമ്പിക് ഗെയിംസ് ചെയർമാൻ എം.എൻ. ബാബു, കരിമണ്ണൂർ ഗ്രാമപഞ്ചായത്തംഗം ബൈജു വറവുങ്കൽ എന്നിവർ സംസാരിച്ചു. ജില്ലാ ബോക്‌സിങ് സെക്രട്ടറി ബേബി എബ്രഹാം സ്വാഗതം ആശംസിച്ച യോഗത്തിൽ ജില്ലാ കുഡോ അസോസിയേഷൻ ട്രഷറർ വന്ദന പ്രബീഷ് നന്ദി അർപ്പിച്ചു. ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നിന്നുമായി 62 മത്സരാർത്ഥികൾ പങ്കെടുത്തു.