തൊടുപുഴ: മലങ്കര അണക്കെട്ടിൽ നിന്ന് ആരംഭിക്കുന്ന വലത് കനാലിന്റെ നവീകരണം ഉടൻ പൂർത്തീകരിച്ച് ജലം കടത്തി വിടാൻ അധികൃതർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നുള്ള ആവശ്യം ശക്തമാകുന്നു. ഇടവെട്ടി, കുമാരമംഗലം,പൈങ്ങോട്ടൂർ, പോത്താനിക്കാട്, കോതമംഗലം എന്നിങ്ങനെയുള്ള സ്ഥലങ്ങളിലൂടെ 27 കിലോ മീറ്റർ ദൂരത്തിലാണ് വലത് കനാൽ കടന്ന് പോകുന്നത്. എല്ലാ വർഷവും വേനൽ ശക്തമാകുന്ന നവംബർ - ഡിസംബർ മാസങ്ങളിൽ അണക്കെട്ടിൽ നിന്നുള്ള വലത് -ഇടത് കനാലുകൾ തുറന്ന് ജലം കടത്തി വിട്ടിരുന്നു. എന്നാൽ കനാലിൽ നവീകരണ പ്രവർത്തികൾ നടക്കുന്നതിനാൽ അത് പൂർത്തീകരിച്ചതിന് ശേഷമേ ജലം കടത്തി വിടാൻ കഴിയൂ എന്നാണ് എം വി ഐ പി അധികൃതർ പറയുന്നത്. മഴ ശക്തമായതോടെ കനാലിന്റെ നവീകരണ പ്രവർത്തനങ്ങളിൽ തടസങ്ങൾ നേരിട്ടു. കൊവിഡ് വ്യാപനത്തെ തുടർന്ന് തൊഴിലാളികളെ ലഭ്യമാകാത്തതും പ്രശ്നമായി. വേനലിൽ കനാലിലൂടെയുള്ള ജലത്തെയാണ് പ്രദേശവാസികൾ കൂടുതൽ ആശ്രയിക്കുന്നതും. കനാൽ തുറക്കുന്നത് വൈകുന്നതിനെ തുടർന്ന് പ്രദേശത്തുള്ള കാർഷിക വിളകൾ ഉണങ്ങി തുടങ്ങി.

കുളങ്ങൾ

വറ്റിവരണ്ടു

കനാൽ കടന്ന് പോകുന്ന കിണർ, കുളം, മറ്റ് നീർത്തടങ്ങൾ എന്നിവയും വറ്റി വരണ്ടു. പ്രദേശത്തെ തദ്ദേശ സ്ഥാപനങ്ങളിൽ നടന്നു വരുന്ന ഗ്രാമസഭകളിൽ കനാലിലൂടെ ജലം അടിയന്തരമായി കടത്തി വിടാൻ നടപടികൾ സ്വീകരിക്കണമെന്ന് ജനങ്ങൾ ഒന്നടങ്കം ആവശ്യപ്പെടുകയാണ്. ജല വിഭവ വകുപ്പിന്റെ നിയന്ത്രണത്തിലായതിനാൽ പ്രശ്നത്തിൽ തദ്ദേശസ്ഥപന അധികൃതർക്ക് കൂടുതൽ ഒന്നും ചെയ്യാനും കഴിയുന്നില്ല. എന്നാൽ 21ന് കനാലിന്റെ നവീകരണം പൂർത്തീകരിച്ച് ജലം എത്തിക്കുമെന്ന് അധികൃതർ മുൻപ് അറിയിച്ചിരുന്നെങ്കിലും നവീകരണം നീണ്ടു പോകുന്നതിൽ ജനത്തിന് ഏറെ ആശങ്കയുണ്ട്. ഇടത് കനാലിന്റെ നവീകരണം പൂർത്തീകരിച്ച് കഴിഞ്ഞ 7 മുതൽ കനാലിലൂടെ ജലം കടത്തി വിടുന്നുണ്ട്.

ജനപ്രതിനിധികൾ

ഇടപെടണം.

കനാലിന്റെ നവീകരണം വൈകുന്നതിൽ കനാൽ കടന്ന് പോകുന്ന പ്രദേശങ്ങളിലെ എം എൽ എ മാർ, എം പി എന്നിങ്ങനെയുള്ളവരുടെ കൂടുതൽ ഇടപെടൽ ഉണ്ടാകണം എന്നാണ് ജനത്തിന്റെ ആവശ്യം. ഇക്കാര്യം വിവിധ ഗ്രാമ സഭകളിലും ജനങ്ങൾ ആവശ്യപ്പെടുണ്ട്.