തൊടുപുഴ: നിരവധിപേർ താമസിക്കുന്ന ലോഡ്ജിനോട് ചേർന്നുള്ള പലചരക്ക് കട കത്തിക്കാൻ ശ്രമം. തൊടുപുഴ വാട്ടർ അതോറിട്ടി റോഡിൽ വെളിയത്ത് ലോഡ്ജിനോട് ചേർന്ന് പ്രവർത്തിക്കുന്ന ഓലിക്കൽ ഷാജിയുടെ കടയ്ക്കാണ് വെള്ളിയാഴ്ച രാത്രി ആരോ തീയിട്ടത്. ശനിയാഴ്ച രാവിലെ ഷാജി കട തുറയ്ക്കാൻ എത്തിയപ്പോഴാണ് ഒരുവശത്ത് തീപിടിച്ച നിലയിൽ കണ്ടത്. തീ സമീപത്തെ കുടിവെള്ള പൈപ്പിലേക്ക് പടർന്നതിനെ തുടർന്ന് പൈപ്പ് പൊട്ടി വെള്ളം ഒഴുകി തീയണയുകയായിരുന്നു. ഇല്ലായിരുന്നെങ്കിൽ കട പൂർണമായും കത്തി നശിക്കുമായിരുന്നെന്ന് ഷാജി പറയുന്നു. സമീപത്തെ ലോഡ്ജിലേക്കും തീ പടർന്ന് വൻ ദുരന്തത്തിനിടയാകുമായിരുന്നു. അയ്യായിരം രൂപയുടെ നഷ്ടം ഉണ്ടായിട്ടുണ്ട്. ശനിയാഴ്ച പുലർച്ചെ ഒന്നരയോടെ ഒരാൾ കടയ്ക്ക് തീവെച്ച ശേഷം ഓടി മറയുന്ന ദൃശ്യം സമീപത്തെ സ്ഥാപനങ്ങളിലുള്ള സി.സി ടി.വികളിൽ നിന്ന് ലഭിച്ചിട്ടുണ്ട്. മാസങ്ങൾക്ക് മുമ്പ് സാമൂഹ്യവിരുദ്ധനായ ഒരാളെ ലോഡ്ജിൽ നിന്ന് ചുമതലക്കാരനായ ഷാജി പുറത്താക്കിയിരുന്നു. ഇതിന്റെ വിരോധമാണോ തീ വയ്ക്കാൻ കാരണമെന്ന് സംശയമുണ്ട്. സംഭവത്തിൽ തൊടുപുഴ സി.ഐയുടെ നേതൃത്വത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിരലടയാള വിദഗ്ദ്ധരും തെളിവുകൾ ശേഖരിച്ചു.