തൊടുപുഴ : സ്കൂളിൽപ്പോയി പഴയ പോലെ ഒന്ന് ഉഷാറായപ്പോൾ ഇതാ വീണ്ടും വരുന്നു ഓൺലൈൻ പഠനം.' കൊവിഡ് വ്യാപനം അതി രൂക്ഷമായതോടെ പഠനം ഓൺലൈനിലേക്ക് തിരിച്ച് പോകുന്നതിന്റെ നിരാശയിലാണ് വിദ്യാർത്ഥികൾ.പണ്ടൊക്കെ അവധികിട്ടുക എന്ന് കേട്ടാൽ ഏറെ സന്തോഷിച്ചിരുന്ന കുട്ടികൾക്കിപ്പോൾ സ്കൂളിൽ പോയാൽമതി എന്ന മനോഭാവമായി. അത്രമാത്രം അവർ വീട്ടിലിരുന്നു മടുത്തു. ഇന്ന്മുതൽ ഒൻപതാം ക്ളാസ് വരെയുള്ള വിദ്യാർത്ഥികൾ ഇനി വീട്ടിലിരുന്ന് പഠിച്ചാൽമതി എന്നായിരുന്നു തീരുമാനം എങ്കിൽ ഇന്നലെ അത് പന്ത്രണ്ടാം ക്ളാസ് വരെയാക്കി ഉയർത്തി. പുമൂന്നാം തരംഗത്തിലെ കൊവിഡിനെ പിടിച്ചുകെട്ടാനായില്ലെങ്കിൽ ഈ അദ്ധ്യായന വർഷം സ്‌കൂളിൽ പോവാനാകുമോ എന്ന ആശങ്കയാണുള്ളത്.

ഓൺലൈൻ പഠനം വിദ്യാർത്ഥികൾക്ക് മടുത്തു തുടങ്ങിയിരുന്നു. അപ്പോഴാണ് ഓഫ്‌ലൈൻ നിയന്ത്രണം മാറിയത്. ഇടയ്ക്കിടെയുണ്ടാകുന്ന മാറ്രം വിദ്യാർത്ഥികളുടെ പഠനശേഷിയെയും നിലവാരത്തെയും ബാധിക്കുമെന്ന ആശങ്ക അദ്ധ്യാപകർക്കും രക്ഷിതാക്കൾക്കുമുണ്ട്. ഓഫ്‌ലൈൻ പഠനം പുനരാരംഭിച്ച ഘട്ടത്തിൽ ക്ലാസിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന കാര്യത്തിൽ പല കുട്ടികളും പ്രതിസന്ധി നേരിട്ടിരുന്നു. പഠന നിലവാരവും കാര്യമായി ഉയർന്നില്ല. ഇതെല്ലാം പരിഹരിച്ച് പോകുമ്പോഴാണ് കൊവിഡ് വീണ്ടും വില്ലനാകുന്നത്.

ഓൺലൈൻ പഠനവുമായി ബന്ധപ്പെട്ട് കുട്ടികളുടെ ആരോഗ്യത്തിലും വളർച്ചയിലും കാതലായ പരിശോധനയും ഇടപെലുകളും ഉണ്ടാവമെന്ന ആവശ്യം നേരത്തെ ഉയർന്നിരുന്നു. ക്ലാസുകൾ ഓഫ്‌ലൈനായതോടെ ഇക്കാര്യത്തിൽ കാര്യമായ ഇടപെടൽ ഉണ്ടായിട്ടില്ല. പഠനം മൊബൈലിലേക്കും ടി.വിയിലേക്കും വീണ്ടും മാറുമ്പോൾ ഇത്തരം പഠനങ്ങൾ തുടരേണ്ടതുണ്ട്. രക്ഷിതാക്കളുടെയും കുട്ടികളുടെയും ആശങ്കകൾ പരിഹരിക്കാനുള്ള ഉത്തരവാദിത്വം വിദ്യാഭ്യാസ വകുപ്പിനുമുണ്ട്.

വീട്ടിൽ

ഒറ്റക്കായാൽ...

പല രക്ഷിതാക്കളും ഇന്ന് മുതൽ ഒൻപതാം ക്ളാസ് വരെയുള്ള കുട്ടികളെ ഓൺലൈൻ പഠനത്തിലേയ്ക്ക് മാറ്റിയതിൽ ആശങ്കയിലായിരുന്നു. അപ്പോൾ ഇതാ എല്ലാ ക്ളാസുകാരും വീട്ടിലേയ്ക്ക് .രക്ഷിതാക്കൾ ജോലിക്ക് പോകുമ്പോൾ കുട്ടികൾ വീട്ടിൽ ഒറ്റപ്പെടുമെന്ന പ്രശ് നമാണ് അവരെ വലയ്ക്കുന്നത്. സ്കൂളിലാണെങ്കിൽ അദ്ധ്യാപകരുടെ ശ്രദ്ധ ഉണ്ടാകും. ഓൺലൈനിൽ അത് പലപ്പോഴും കിട്ടില്ല.

ഓൺലൈൻ പഠനം

പരിമിതപ്പെടുത്തുമോ

കുട്ടികളിലെ ഒറ്റപ്പെടൽ ഒഴിവാക്കാൻ ദിവസം ഒന്നോ രണ്ടോ മണിക്കൂർ വീടിന് പുറത്ത് കൂട്ടുചേർന്ന് കളിക്കുക എന്നത് ദിനചര്യയുടെ ഭാഗമാക്കണമെന്നാണ് വിദഗ്ദ്ധരുടെ നിർദ്ദേശം. ഉറക്കം, കളികൾ എന്നിങ്ങനെയുള്ള കാര്യങ്ങളെ പഠനം ബാധിക്കരുത്. ഭക്ഷണസമയത്തും ഉറക്കത്തിന് മുമ്പും മൊബൈൽ ഉപയോഗം ഒഴിവാക്കണം. സമൂഹ മാദ്ധ്യമങ്ങളുടെ ഉപയോഗം രക്ഷിതാക്കൾ നിരീക്ഷിക്കണം. പ്രീപ്രൈമറി ക്ലാസുകളിലെ കുട്ടികളുടെ ഓൺലൈൻ പഠനം പരമാവധി ഒഴിവാക്കണം. പ്രൈമറി ക്ലാസുകളിൽ ഒരുമണിക്കൂർ മാത്രമായി ഓൺലൈൻ പഠനം പരിമിതപ്പെടുത്തുന്നതാണ് ഉചിതം. മുതിർന്ന കുട്ടികളിൽ ഓൺലൈൻ ക്ലാസുകൾ നിശ്ചിത സമയം മാത്രമായി ക്രമപ്പെടുത്തുകയും കൃത്യമായ ഇടവേളകൾ നൽകുകയും വേണം.