 
വെള്ളിയാമറ്റം: ജില്ലയിൽ ആദ്യമായി ഒരു ഗോത്രവർഗ കോളനിയിലേക്ക് സർവീസ് നടത്തിയ അർച്ചന ബസ് ഉടമകളായ ബാബുവിനെയും ജോസിനെയും ആദരിച്ചു. ഗോത്രവർഗ കോളനിയായ പൂച്ചപ്രയിലേക്ക് 36 വർഷത്തിലേറെയായി ബാബുവിന്റെയും ജോസിന്റെയും നേതൃത്വത്തിൽ ബസ് സർവീസ് ആരംഭിച്ചിട്ട്. റോട്ടറി കമ്മ്യൂണിറ്റി കോർപ്പസിന്റെ നേതൃത്വത്തിൽ വെള്ളിയാമറ്റം ആർ.പി.എസ് ഹാളിൽ നടന്ന യോഗം ഇടുക്കി എൻഫോഴ്സ്‌മെന്റ് ആർ.ടി.ഒ പി.എ. നസീർ ഉദ്ഘാടനം ചെയ്തു. റോട്ടറി കമ്മ്യൂണിറ്റി കോർപ്‌സ് പ്രസിഡന്റ് അനിൽ രാഘവൻ അദ്ധ്യക്ഷത വഹിച്ചു. വെള്ളിയാമറ്റം പഞ്ചായത്ത് പ്രസിഡന്റ് ഇന്ദു ബിജു മുഖ്യപ്രഭാഷണം നടത്തി. ജോസിനും ബാബുവിനും ബസ് ഓണേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് തൂഫാൻ തോമസ് ഉപഹാരം നൽകി ആദരിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം ടെസ്സി മോൾ മാത്യു, പഞ്ചായത്തംഗങ്ങളായ വി.കെ. കൃഷ്ണൻ, സോമി സെബാസ്റ്റ്യൻ, പൂച്ചപ്ര ഊരുമൂപ്പൻ എം.ഐ. ശശീന്ദ്രൻ, സി.പി. ഗംഗാധരൻ, അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരായ അജയൻ ടി.ജെ, നിസാർ ഹനീഫ, റോട്ടറി കമ്മ്യൂണിറ്റി കോർപ്‌സ് ഭാരവാഹികളായ ജേക്കബ് സെബാസ്റ്റ്യൻ, ഹമീദ് പുലിക്കൂട്ടിൽ എന്നിവർ സംസാരിച്ചു.