തൊടുപുഴ: ജില്ലയിലെ 15- 18 വയസ് പ്രായമുള്ള 22,677 വിദ്യാർത്ഥികൾക്ക് നാളെ മുതൽ സ്കൂളുകളിൽ നിന്ന് വാക്സിൻ നൽകും. ഈ പ്രായപരിധിയിലുള്ല കുട്ടികളുള്ള 167 സർക്കാർ- സ്വകാര്യ സ്കൂളുകളിലാണ് വാക്സിനേഷൻ നടത്തുന്നത്. ഇതിനകം 28,662 വിദ്യാർത്ഥികൾക്ക് വാക്സിൻ ലഭിച്ചുകഴിഞ്ഞു. ഇനി 44 ശതമാനം വിദ്യാർത്ഥികൾക്കാണ് കുത്തിവയ്പ്പ് നൽകാനുള്ളത്. 15- 18 വയസ് പ്രായമുള്ള 51,339 കുട്ടികളാണ് ആകെയുള്ളത്. ഒമ്പതാം ക്ലാസിലുള്ള കുട്ടികൾക്ക് 21ന് റെഗുലർ ക്ലാസ് അവസാനിക്കുമെന്നതിനാൽ ആദ്യം ഇവർക്കായിരിക്കും കുത്തിവയ്പ്പെടുക്കുക. കൊവാക്സിനാണ് നൽകുക. വാക്സിനേഷൻ നടത്തേണ്ട തിയതികൾ അതത് സ്കൂളുകൾക്ക് തീരുമാനിക്കാം. സ്‌കൂൾ അധികൃതർ ഒരു ദിവസം വാക്‌സിൻ എടുക്കേണ്ട വിദ്യാർത്ഥികളുടെ ലിസ്റ്റ് വളരെ നേരത്തെ തന്നെ തയ്യാറാക്കുകയും അവർക്ക് അനുവദിച്ചിരിക്കുന്ന സമയത്തെ കുറിച്ച് അറിയിക്കുകയും ചെയ്യണം. വാക്‌സിനേഷൻ ദിവസത്തിന് മുമ്പ് അർഹതയുള്ള എല്ലാ വിദ്യാർത്ഥികളും കോവിൻ വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് സ്‌കൂൾ അധികൃതർ ഉറപ്പുവരുത്തും. വാക്‌സിൻ വിതരണത്തിനുള്ള അടിസ്ഥാന സൗകര്യങ്ങൾ സ്‌കൂളുകളിൽ ഒരുക്കും. വാക്‌സിൻ നൽകുന്നതിനും വിശ്രമിക്കുന്നതിനുമായി സ്കൂളിൽ പ്രത്യേകം മുറികൾ സജ്ജീകരിക്കും. അടിയന്തര സാഹചര്യങ്ങൾക്കായി എല്ലാ സ്‌കൂളുകളിലും ആമ്പുലൻസ് സർവീസുകൾ ഒരുക്കും. രക്ഷാകർത്താക്കളുടെ പൂർണ സമ്മതത്തോടെ മാത്രമേ വാക്‌സിൻ നൽകൂ. ഓരോ ദിവസവും വാക്‌സിൻ എടുക്കുന്ന വിദ്യാർത്ഥികളുടെ എണ്ണം വിദ്യാഭ്യാസ വകുപ്പ് ശേഖരിക്കും. സ്‌കൂളുകളിൽ പി.ടി.എ യോഗം ചേർന്ന് തയ്യാറെടുപ്പുകൾ വിലയിരുത്തണം.
ഇടുക്കിയിൽ പുതിയതല്ല
സ്കൂളുകളിൽ നേരിട്ടെത്തി വാക്സിൻ നൽകേണ്ടതില്ലെന്നായിരുന്നു ആദ്യം സർക്കാർ തീരുമാനം. എന്നാൽ ജില്ലയിൽ മറയൂർ, കാന്തല്ലൂർ പോലെ വിദൂരപ്രദേശങ്ങളിലുള്ല വാക്സിനേഷൻ കേന്ദ്രങ്ങളിൽ എത്തിപ്പെടാൻ ബുദ്ധിമുട്ടുള്ള കുട്ടികൾക്ക് സ്കൂളുകളിൽ നേരിട്ടെത്തി ആരോഗ്യവകുപ്പ് വാക്സിൻ നൽകുന്നുണ്ടായിരുന്നു.
ആകെ 167 സ്കൂളുകൾ
 ഹൈസ്കൂൾ
സർക്കാർ- 30, സ്വകാര്യ- 46
 ഹയർസെക്കൻഡറി
സർക്കാർ- 50, സ്വകാര്യ- 40
 പോളിടെക്നിക്- 1
വാക്‌സിനേഷൻ ടീം
ആരോഗ്യ വകുപ്പിലെ ഒരു മെഡിക്കൽ ഓഫീസർ, വാക്‌സിനേറ്റർ, സ്റ്റാഫ് നേഴ്‌സ്, സ്‌കൂൾ നൽകുന്ന സപ്പോർട്ട് സ്റ്റാഫ് എന്നിവരടങ്ങുന്നതാണ് വാക്‌സിനേഷൻ ടീം. കുട്ടികളുടെ എണ്ണം അനുസരിച്ച് ഓരോ സെഷൻ സൈറ്റിലെയും വാക്‌സിനേറ്റർമാരുടെ എണ്ണം തീരുമാനിക്കും.