തൊടുപുഴ: പ്രഥമ സംസ്ഥാന ഒളിമ്പിക് ഗെയിംസിന്റെ ഭാഗമായി നടത്തുന്ന റൈഫിൾ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിലേക്കുള്ള ജില്ലാ സെലക്ഷൻ ചാമ്പ്യൻഷിപ്പ് നാളെ രാവിലെ ഒമ്പതിന് മുട്ടത്തുള്ള ജില്ലാ റൈഫിൾ അസോസിയേഷന്റെ ഷൂട്ടിംഗ് റേഞ്ചിൽ നടത്തും. ചാമ്പ്യൻഷിപ്പിന്റെ ഉദ്ഘാടനം വിജിലൻസ് ഡിവൈ.എസ്.പി വി.ആർ. രവികുമാർ നിർവഹിക്കും. ചാമ്പ്യൻഷിപ്പിൽ 10 മീറ്റർ പീപ്പ് സൈറ്റ് റൈഫിൾ, 10 മീറ്റർ എയർ പിസ്റ്റൽ, 10 മീറ്റർ ഓപ്പൺ സൈറ്റ് റൈഫിൾ എന്നിവയിലായിരിക്കും മത്സരങ്ങൾ നടത്തുക. ഒളിമ്പിക് ഗെയിംസായതിനാൽ സീനിയർ, ജൂനിയർ വിഭാഗങ്ങൾ ഉണ്ടായിരിക്കില്ല. എന്നാൽ പുരുഷ- വനിതാ വിഭാഗങ്ങളിൽ മത്സരങ്ങൾ നടത്തും. ക്ലബ്ബിലെ അംഗങ്ങൾ അല്ലാത്തവർക്കും ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാം. അഡ്വാൻസ് രജിസ്‌ട്രേഷനുള്ള സംവിധാനം റൈഫിൾ അസോസിയേഷന്റെ ഓഫീസിൽ ലഭ്യമാണ്. വിജയികൾക്ക് മെഡലും സർട്ടിഫിക്കറ്റുകളും നൽകും. രജിസ്‌ട്രേഷൻ സൗജന്യമായിരിക്കും.