• അട്ടിമറിയെന്ന് യു.ഡി.എഫ് അംഗങ്ങൾ


കട്ടപ്പന: കാഞ്ചിയാർ പഞ്ചായത്തിലെ കുടുംബശ്രീ തെരഞ്ഞെടുപ്പിനിടയിൽ അംഗങ്ങളുടെ പ്രതിഷേധം. യഥാക്രമം വോട്ടർ പട്ടിക പ്രസിദ്ധികരിക്കാതെയും നടപടിക്രമങ്ങൾ പാലിക്കാതെയും കുടുംബശ്രീ തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നതായി ആരോപിച്ചായിരുന്നു പ്രതിഷേധം. കാഞ്ചിയാർ പഞ്ചായത്തിൽ 4, 2, 13, 7 വാർഡുകളിലാണ് ഇന്നലെ തെരഞ്ഞെടുപ്പ് നടന്നത്. ഇതിൽ പഞ്ചായത്ത് ഓഫീസിന് സമീപം കൃഷിഭവന് മുകളിലെ ഓഡിറ്റോറിയത്തിൽ നടന്ന തിരഞ്ഞെടുപ്പിലാണ് അട്ടിമറി നീക്കം ആരോപിച്ച് പ്രതിഷേധം നടന്നത്. പഞ്ചായത്തംഗം സന്ധ്യാ ജയന്റെ നേതൃത്വത്തിൽ ഒരു വിഭാഗം അംഗങ്ങൾ പ്രതിഷേധിച്ചെങ്കിലും ഉദ്യോഗസ്ഥർ നടപടി ക്രമങ്ങളുമായി മുന്നോട്ടു പോകുകയും തിരഞ്ഞെടുപ്പ് പൂർത്തിയാക്കുകയുമായിരുന്നു.നാലാം വാർഡിൽ നടന്ന കുടുംബശ്രീ തിരഞ്ഞെടുപ്പിൽ വീഴ്ചയുണ്ടായിട്ടില്ലന്ന് റിട്ടേണിംഗ് ഓഫീസർ പറഞ്ഞു.എല്ലാ നടപടിക്രമങ്ങളും പാലിച്ചാണ് തിരഞ്ഞെടുപ്പ് നടന്നത്.വോട്ടർമാരുടെ ലിസ്റ്റ്മുൻകുട്ടി പ്രസിദ്ധപ്പെടുത്തേണ്ട ആവശ്യമില്ല. ലിസ്റ്റ് ഓഫീസിൽ പ്രസിദ്ധപ്പെടുത്തിയിരുന്നു. ഞായർ ഓഫീസ് അടഞ്ഞ് കിടന്നതിനാൽ കാണാത്തതാവാം.വോട്ടേഴ്‌സിനെ മുൻകൂട്ടി അറിയിച്ചിട്ടുള്ളതിനാൽ മുൻകൂട്ടി അറിയിക്കേണ്ട ആവശ്യമില്ല. പുതിയ ഭരണസമിതി തിരഞ്ഞടുപ്പിൽ പഴയ രജിസ്റ്റർ വേണമെന്ന് നിർബന്ധമില്ലന്നും റിട്ടേണിംഗ് ഓഫീസർ പറഞ്ഞു.


• വോട്ടർപട്ടിക പ്രസിദ്ധീകരിച്ചില്ല.

തിരഞ്ഞെടുപ്പിന് മുമ്പായി വോട്ടർമാർക്ക് പരിശോധിക്കാനാവും വിധം തലദിവസം പോലും വോട്ടർ പട്ടിക പ്രസിദ്ധികരിച്ചില്ല. ശനിയാഴ്ച വോട്ടർ പട്ടിക പ്രസിദ്ധികരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും പിന്നീട് വൈകിട്ട് നാലുമണിക്ക് പ്രസിദ്ധികരിക്കുമെന്നറിയിച്ചു. കുടുംബശ്രീ ഓഫീസിനുള്ളിൽ ലിസ്റ്റ് പതിപ്പിച്ചു എന്നറിയിച്ചെങ്കിലും ഞായറാഴ്ച ഓഫീസ് അടഞ്ഞ് കിടന്നിരുന്നതിനാൽ ആർക്കും കാണാനായില്ല. തെരഞ്ഞെടുപ്പ് ദിനമായ തിങ്കളാഴ്ചയും ഈ ലിസ്റ്റ് അംഗങ്ങൾക്ക് കാണാനായില്ല. 11 ന് തെരഞ്ഞെടുപ്പ് ആരംഭിച്ച ശേഷമാണ് ലിസ്റ്റ് പ്രസിദ്ധപ്പെടുത്തിയത്. തെരഞ്ഞെടുപ്പ് നടത്തിപ്പിലും നടപടിക്രമങ്ങൾ പാലിച്ചില്ല. തിരഞ്ഞെടുപ്പിൽ പഴയ രജിസ്റ്റർ കൊണ്ടു വന്നില്ല. ആവശ്യപ്പെട്ടപ്പോൾ പുതിയ രജിസ്റ്റർ വാങ്ങിപ്പിക്കുയായിരുന്നു.എല്ലാം മുൻകൂട്ടി തീരുമാനിച്ച പ്രകാരം തിരഞ്ഞെടുപ്പ് നടത്തി അട്ടിമറിക്കാനുള്ള ശ്രമമാണ് നടന്നതെന്നും യു.ഡി.എഫ് മെമ്പർമാർ ആരോപിച്ചു.