ഇടുക്കി : ഇടുക്കി പാക്കേജിൽ ഉൾപ്പെടുത്തി ക്ഷീര കർഷകർക്ക് പ്രത്യേക പരിരക്ഷ ഉറപ്പാക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. ജില്ലാ ക്ഷീര കർഷക സംഗമത്തിന്റെ സമാപന സമ്മേളനവും ക്ഷീരവികസനവകുപ്പിന്റെ ധനസഹായത്തോടുകൂടി നിർമ്മിച്ച പാണ്ടിപ്പാറ ആപ്‌കോസ് മന്ദിരത്തിന്റെ ഉദ്ഘാടനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി.കെ.ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷാകുമാരി മോഹൻകുമാർ മുഖ്യപ്രഭാഷണം നടത്തി. ഇടുക്കി ജില്ലാ സുവർണ്ണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ക്ഷീര വികസന വകുപ്പിന്റെ വാർഷിക പദ്ധതിയിലുൾപ്പെടുത്തി സംഘടിപ്പിച്ച പരിപാടിയിൽ സെമിനാർ, മികച്ച ക്ഷീരകർഷകരെയും ക്ഷീരമേഖലയ്ക്ക് കൂടുതൽ ഫണ്ട് അനുവദിച്ച ത്രിതല പഞ്ചായത്തുകളെയും ആദരിച്ചു.
സംഗമത്തിന്റെ ഭാഗമായി നടത്തിയ സെമിനാർ മിൽമ ഡയറക്ടർ ബോർഡംഗം കെ.കെജോൺസൺ ഉദ്ഘാടനം ചെയ്തു. ജോസഫ് റ്റി.ഡി ക്ലാസ് നയിച്ചു. മിൽമ എറണാകുളം മേഖല യൂണിയൻ അംഗം പോൾ മാത്യു സ്റ്റാളുകളുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ഡയറി എക്സ്റ്റൻഷൻ ഓഫീസർമാരായ ജാൻസി ജോൺ, ജാസ്മിൻ സി.എ എന്നിവർ ഡയറി ക്വിസ് നയിച്ചു.

സോണി ചൊള്ളാമഠം സ്വാഗതം പറഞ്ഞു. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇൻ ചാർജ് എബി തോമസ്, ഇളംദേശം ബ്ലോക്ക് പ്രസിഡന്റ് മാത്യു കെ ജോൺ, ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് റോമിയോ സെബാസ്റ്റ്യൻ, ഇരട്ടയാർ, കഞ്ഞിക്കുഴി, വെള്ളിയാമറ്റം, കാമാക്ഷി ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ജിൻസൺ കെ. വർക്കി, ജോർജ് ജോസഫ്, ഇന്ദു ബിജു, ഷേർളി ജോസഫ്, ബ്ലോക്ക് പഞ്ചായത്തംഗം റിന്റാമോൾ വർഗീസ്, ഗ്രാമപഞ്ചായത്തംഗം ഷൈനി മാവോലിൽ, ക്ഷീര വികസന ഡെ.ഡയറക്ടർ മിനി ജോസഫ്, ക്വാളിറ്റി കൺട്രോൾ ഓഫീസർ ട്രീസാ തോമസ്, മിൽമ ഡയറക്ടർ ബോർഡംഗം കെ.കെജോൺസൺതുടങ്ങിയവർ പങ്കെടുത്തു.

രുചിക്കൂട്ടുകൾ

കണ്ടറിഞ്ഞ് മന്ത്രി

പനീർ സമൂസ രുചിച്ചറിഞ്ഞ് മന്ത്രി വിവിധ സ്റ്റാളുകൾ സന്ദർശിച്ചു. ജില്ലാ ക്ഷീരകർഷക സംഗമത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനത്തിനെത്തിയപ്പോഴാണ് മന്ത്രി പനീർ സമൂസയുടെ ടേസ്റ്റ് രുചിച്ചറിഞ്ഞത്. കോലാഹലമേട് കോളേജ് ഓഫ് ഡയറി സയൻസ് ആന്റ് ടെക്‌നോളജിയിലെ മൂന്നാം വർഷ ഡയറി ടെക്‌നോളജി വിദ്യാർത്ഥികൾ ഒരുക്കിയ പാലുല്പന്ന നിർമ്മാണ പ്രദർശനവും വിപണനവും കണ്ടും ഉത്പ്പന്നങ്ങൾ രുചിച്ചും അറിഞ്ഞ മന്ത്രി, വിദ്യാർത്ഥികൾ പാകം ചെയ്ത ഗുലാബ് ജാമിന്റെ മധുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ.ഫിലിപ്പിനും പകർന്നു നല്കി. കറവ യന്ത്രം, കന്നുകാലികൾക്കുള്ള പ്രൊവൈറ്റമിൻ, കാലിത്തീറ്റ, വെറ്ററിനറി മരുന്നുകൾ, കാട, ആട്, മുട്ടക്കോഴി തുടങ്ങിയവയ്ക്കുള്ള തീറ്റകൾ, വിവിധ തരം തീറ്റപ്പുല്ലുകൾ, മിൽമയുടെ പാലുൽപ്പന്നങ്ങൾ എന്നിവയെല്ലാം വിവിധ സ്റ്റാളുകളിലായി ക്രമീകരിച്ചിരുന്നു.