തൊടുപുഴ: എസ്.എഫ്‌.ഐ പ്രവർത്തകനും ഗവ. എൻജിനിയറിംഗ് കോളേജ് വിദ്യാർത്ഥിയുമായ ധീരജ് രാജേന്ദ്രനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളെ കസ്റ്റഡിയിൽ വിട്ട് കിട്ടാനുള്ള പൊലീസിന്റെ അപേക്ഷ പരിഗണിക്കുന്നത് തൊടുപുഴ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്നത്തേക്ക് മാറ്റി. കേസ് ഇന്നലെ പരിഗണിക്കുമെന്നായിരുന്നു മുമ്പ് അറിയിച്ചിരുന്നത്. എന്നാൽ നാല് പ്രതികളെയും പൊലീസ് മുട്ടത്തുള്ള കോടതിയിൽ എത്തിയപ്പോഴാണ് കേസ് പരിഗണിക്കുന്ന ജില്ലാ ജഡ്ജി ഇന്ന് അവധിയാണെന്ന് അറിഞ്ഞത്. തുടർന്ന് കേസ് പരിഗണിച്ച പോക്സോ കോടതി ജഡ്ജാണ് അപേക്ഷ ഇന്നത്തേക്ക് മാറ്റിയത്. പ്രതികളായ നിഖിൽ പൈലി, ജെറിൻ ജോജോ, ടോണി തേക്കിലക്കാടൻ, ജിതിൻ ഉപ്പുമാക്കൽ എന്നിവരെയാണ് ഇന്നലെ കോടതിയിൽ ഹാജരാക്കിയത്. പ്രതികളെ കോടതിയിലെത്തിക്കുന്നതിന് മുന്നോടിയായി പീരുമേട് ജയിൽ മുതൽ മുട്ടം കോടതി വരെയുള്ള റോഡുകളിലെ പ്രധാന ജംഗ്ഷനുകളിൽ മഫ്തിയിൽ ഉൾപ്പെടെ പൊലീസിനെ നിയോഗിച്ചിരുന്നു. മുട്ടം കോടതി പരിസരത്തും പൊലീസിന്റെ വൻ സുരക്ഷയാണ് ഏർപ്പെടുത്തിയത്. ഇന്നലെ 10.50നാണ് പ്രതികളുമായി പൊലീസ് കോടതിയിൽ എത്തിയത്. ജഡ്ജി അവധിയാണെന്ന് അറിഞ്ഞതിനെ തുടർന്ന് പിന്നീടുള്ള നടപടികൾക്ക് വേണ്ടി പൊലീസ് പ്രതികളുമായി വാഹനത്തിൽ കോടതി വളപ്പിൽ തന്നെ കാത്ത് കിടന്നു. 11.20ന് കോടതി വിളിച്ചു. മിനിറ്റുകൾക്കുള്ളിൽ നടപടികൾ പൂർത്തീകരിച്ച് പൊലീസ് പ്രതികളെയും കോണ്ട് പുറത്തേക്ക് വന്നു. പ്രധാന തെളിവായ കുത്താൻ ഉപയോഗിച്ച കത്തി കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ പ്രതികളെ വിശദമായി ചോദ്യം ചെയ്ത് വീണ്ടും തെളിവെടുപ്പ് നടത്തുന്നതിനാണ് പൊലീസ് ആലോചിക്കുന്നത്.