കട്ടപ്പന: സ്‌പൈസ്സസ് ബോർഡ് ഇന്ത്യയുടെ കിഴിൽ പുറ്റടിയിലും ബോഡി നായ്ക്കന്നൂരിലും ഇന്നലെ ഉച്ച കഴിഞ്ഞു നടക്കേണ്ടിയിരുന്ന ഓൺലൈൻ ഏലയ്ക്ക ലേലം നെറ്റ് വർക്ക് തകരാറിനെ തുടർന്ന് മുടങ്ങി. സുഗന്ധഗിരി സ്‌പൈസ്സസ് ആൻഡ് പ്രൊമോഷൻ ട്രെഡിങ് കമ്പനിയുടെ കിഴിലുള്ള ഓൺലൈൻ ലേലമാണ് ഇന്നലെ ഉച്ചകഴിഞ്ഞു നിശ്ചയിച്ചിരുന്ന്. ആകെ 172 ലോട്ടുകളാണ് വിൽപനക്കായി ലേലത്തിൽ കർഷകർ പതിച്ചിരുന്നത്. ആദ്യത്തെ 48 ലോട്ടുകൾ വിൽക്കുന്നത് വരെ സെർവർ പ്രശനം ഉണ്ടായില്ല. എന്നാൽ തുടർന്ന് നെറ്റ് വർക്ക് തകരാറിലായതോടെ ലേലം തടസ്സപ്പെട്ടു. ബോഡി നായ്ക്കന്നൂരിലെ ലേലത്തിലാണ് തടസ്സം ഉണ്ടായത്. ഒരേ സമയത്ത് രണ്ടിടത്തും ഒരു പോലെ ലേലം നടക്കുന്നതിനാൽ ഒരു സ്ഥലത്ത് തകരാർ സംഭവിച്ചാൽ ലേലം നിർത്തി വയ്‌ക്കേണ്ടി വരും. ഓ്ര്രഫിക്കൽ കേബിൾ മുറിഞ്ഞു പോയതാണ് നെറ്റ് വർക്ക് പ്രശ്‌നത്തിനു കാരണമായി ബി.എസ്.എൻ എൽ അധികൃതർ പറയുന്നത്. ലേലം തടസപ്പെടുമ്പോൾ ശരാശരി വില 927 രൂപ നിലവാരത്തിലായിരുന്നു. മുടങ്ങിയ ലേലം ഇനി എന്ന് നടക്കുമെന്ന് വ്യക്തമല്ല.
എന്നാൽ ഇന്നലെ രാവിലെ നടന്ന ഇടുക്കി ഡിസ്ട്രിക്ട് ട്രെഡിഷണൽ കാർഡമം പ്രൊമോഷൻ കമ്പനിയുടെ ഓൺലൈൻ ലേലം തടസം കൂടാതെ നടന്നു.ആകെ വില്പനക്ക് വന്ന 57495.8 കലോഗ്രാമിൽ 56471.3 കലോഗ്രാം വിറ്റു പോയപ്പോൾ കൂടിയ വില 1297 രൂപയും ശരാശരി വില 897.64 രൂപയും കർഷകർക്ക് ലഭിച്ചു.