മൂന്നാർ: മുസ്ലിം ഐക്യം നഷ്ടപ്പെടുത്തി കേരളത്തിൽ മുസ്ലിം ന്യൂനപക്ഷ വിഭാഗങ്ങൾക്ക് അർഹതപ്പെട്ട അവകാശങ്ങൾ നിഷേധിക്കാനുള്ള ശ്രമമാണ് സി.പി.എമ്മും സംസ്ഥാന സർക്കാരും നടത്തുന്നതെന്ന് മുസ്ലിം ലീഗ് ഉന്നതാധികാര സമിതി അംഗം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന എക്‌സിക്യൂട്ടീവ് ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മതവിശ്വാസം കമ്മ്യൂണിസത്തിനെതിരായത് കൊണ്ട് മത നിരാസത്തിലൂടെ പുതു തലമുറയെ പാർട്ടിയിലേക്ക് കൊണ്ടുവരാൻ സാധിക്കുമെന്നാണ് മാർക്‌സിസ്റ്റ് പാർട്ടിയുടെ കണക്ക് കൂട്ടൽ. കേരളത്തിൽ വർഗീയത വിലപ്പോവില്ലെന്ന ബോദ്ധ്യമുള്ളതിനാലാണ് മതനിരപേക്ഷതയുടെ ലേബലിൽ മത നിരാസം പ്രചരിപ്പിക്കുന്നത്. കാമ്പസുകളിൽ പോലും രാഷ്ട്രീയം പറയാതെ പ്രണയവും സ്വതന്ത്ര ലൈംഗികതയും പ്രചരിപ്പിക്കുന്ന പ്രവണതയ്ക്ക് അവർ കനത്ത വില നൽകേണ്ടിവരുമെന്നും തങ്ങൾ പറഞ്ഞു. യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ അദ്ധ്യക്ഷത വഹിച്ചു.