തൊടുപുഴ: കെ.എസ്.ആർ.ടി.സിയെക്കുറിച്ച് യാത്രക്കാർക്ക് പണ്ടെയുള്ള പരാതിയാണ് ബസുകളിലെ വൃത്തിയില്ലായ്മ. എന്നാൽ കഴിഞ്ഞ ദിവസം ബസുകൾ കൃത്യമായ ഇടവേളകളിൽ കഴുകണമെന്ന് കോർപ്പറേഷൻ സി.എം.ഡി ഉത്തരവിറക്കിയിരുന്നു. സൂപ്പർ ഫാസ്റ്റ്, ഫാസ്റ്റ്, സിറ്റി സർക്കുലർ ബസുകൾ രണ്ട് ദിവസത്തിലൊരിക്കലും ഓർഡിനറി ജന്റം, നോൺ എ സി ബസുകൾ മൂന്ന് ദിവസത്തിലൊരിക്കലും കഴുകി വൃത്തിയാക്കാനാണ് നിർദേശം. കെ.എസ്.ആർ.ടി.സി ബസുകൾ വൃത്തിയും വെടിപ്പുമായി നിരത്തിലിറങ്ങണമെന്ന ഉത്തരവ് ഒരു മുഴം മുന്നേ നടപ്പിലാക്കി ജില്ലയിലെ കെ.എസ്.ആർ.ടി.സി ഡിപ്പോകൾ. നാല് ജീവനക്കാരെ ഉപയോഗിച്ച് കൃത്യമായ ഇടവേളകളിൽ 48 ബസുകളും വൃത്തിയാക്കുന്നുണ്ടെന്ന് തൊടുപുഴ ഡിപ്പോ അധികൃതർ പറയുന്നു. ലൈറ്റ്, ഹോൺ തുടങ്ങിയവയില്ലാതെയും വൃത്തിഹീനമായും സംസ്ഥാനത്ത് പല ബസുകളും സർവീസ് നടത്തുന്നെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് വകുപ്പ്തല ഉത്തരവിറങ്ങിയത്. യാത്രക്കാർക്ക് പുറമെ ഡ്രൈവർമാരും കണ്ടക്ടർമാരും ഉൾപ്പെടെ വാഹനങ്ങളുടെ വൃത്തി സംബന്ധിച്ച് പരാതി ഉന്നയിച്ചിരുന്നു.

നിലവിൽ ഓരോ ഡിപ്പോയിലും ബസുകൾ കഴുകി വൃത്തിയാക്കുന്നത് ദിവസ വേതനക്കാരാണ്. ഇവർക്കാണെങ്കിൽ ലഭിക്കുന്നത് വളരെ തുച്ഛമായ ശമ്പളമാണ്. സ്വകാര്യ സർവീസ് സെന്ററുകളിൽ ഒരു വാഹനം കഴുകി വൃത്തിയാക്കുന്നതിന് 250 രൂപ വാങ്ങുമ്പോൾ ഇവർക്ക് ലഭിക്കുന്നത് വെറും 28 രൂപ മാത്രമാണ്. മാത്രമല്ല ബസ് കഴുകാനായി ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും പലയിടത്തുമില്ലെന്നും ആക്ഷേപമുണ്ട്. അതുകൊണ്ടുതന്ന പലപ്പോഴും ശുചീകരണം കാര്യക്ഷമമായി നടക്കാറില്ല. പരിമിതികൾ ഉള്ളതുകൊണ്ടുതന്നെ ഗാരേജ് അധികാരികൾ ഇത് കണ്ടില്ലെന്ന് നടിക്കും. ഇതാണ് യാത്രക്കാരിൽ നിന്ന് പരാതി ഉയരാൻ ഇടയാക്കിയത്.

പൊതുജനങ്ങൾക്ക് പരാതിപ്പെടാം

ബസുകളിലെ പോരായ്മകൾ സംബന്ധിച്ച് ഫോട്ടോ, വീഡിയോ എന്നിവ സഹിതം പരാതി വന്നാൽ ഗാരേജ് അധികാരിക്കും ബന്ധപ്പെട്ട ജീവനക്കാർക്കുമെതിരെ കർശന നടപടിയുണ്ടാകും. പരാതി വരുന്ന ഡിപ്പോയിലെ മുഴുവൻ ബസ് വാഷർമാരെയും മുന്നറിയിപ്പില്ലാതെ പറഞ്ഞുവിടും. ഇത്തരം സാഹചര്യമുണ്ടായാൽ കുടുംബശ്രീ പോലുള്ള ഏജൻസികളെ വൃത്തിയാക്കൽ ചുമതല ഏൽപ്പിക്കുന്നത് പരിഗണിക്കുമെന്ന് സി.എം.ഡി കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

 പരാതി അറിയിക്കാനുള്ള വാട്‌സാപ്പ് നമ്പർ- 9400058900

പണ്ട് സ്ഥിരം പരാതി

പുറമേ വെള്ളമൊഴിച്ച് കഴുകി വിടുന്നതല്ലാതെ, ബസുകളുടെ ഉൾവശവും, സീറ്റുകളും വൃത്തിയാക്കാറില്ലെന്നതാണ് കെ.എസ്.ആർ.ടി.സി ബസിനെ കുറിച്ച് സ്ഥിരമായി ഉയർന്നിരുന്ന പരാതി. പ്ലാറ്റ്‌ഫോം, സീറ്റുകൾ, ജനൽ ഷട്ടർ, ഗ്ലാസ്, ഡ്രൈവറുടെ കാബിൻ എന്നിവ ക്ലീനർമാർ കണ്ടില്ലെന്ന് നടിക്കുന്നത് പതിവായിരുന്നു. ഈ ശീലത്തിന് പുതിയ ഉത്തരവോടെ മാറ്റം വന്നു.

 തൊടുപുഴ ഡിപ്പോയിലെ ബസുകൾ- 48

 വാഷർമാർ- 4

'ഉത്തരവ് വരുന്നതിനും മുമ്പേ തൊടുപുഴയിൽ ബസുകൾ കൃത്യമായി വൃത്തിയാക്കാറുണ്ട്. ആവശ്യത്തിനും ജീവനക്കാരുമുണ്ട്. പൊതുജനങ്ങൾക്ക് പരാതിയുണ്ടെങ്കിൽ അറിയിച്ചാൽ പരിഹരിക്കുന്നതാണ്."

-തോമസ് മാത്യു (ഡി.ടി.ഒ)​